തൃശൂർ: സ്വകാര്യ ബസ് കണ്ടക്ടർ ബസിൽ നിന്നും ചവിട്ടി പുറത്തിട്ട ശേഷം മർദ്ദിച്ച വയോധികൻ മരിച്ചു. യ്ക്കു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന കരുവന്നൂർ എട്ടുമന സ്വദേശി മുറ്റിച്ചൂർ വീട്ടിൽ പവിത്രൻ (68) ആണ് ഒരു മാസം നീണ്ടു നിന്ന ചികിത്സകൾക്കൊടുവിൽ മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെയാണു മരിച്ചത്. ചില്ലറയുടെ പേരിലുള്ള തർക്കത്തിനിടെ സ്വകാര്യ ബസ് കണ്ടക്ടർ ബസിൽനിന്നു ചവിട്ടിപ്പുറത്തിട്ട ശേഷം മർദിച്ച് അവശനാക്കുക ആയിരുന്നു.

തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്താ ബസിലെ കണ്ടക്ടറാണ് പവിത്രനെ മാരമായി ഉപദ്രവിച്ചത്. കഴിഞ്ഞ മാസം രണ്ടിനു വൈദ്യുതി ബിൽ അടയ്ക്കാൻ തൊട്ടടുത്ത ബംഗ്ലാവ് സ്റ്റോപ്പിൽ ഇറങ്ങാനായി കരുവന്നൂർ രാജ സ്റ്റോപ്പിൽനിന്നു കയറിയതായിരുന്നു പവിത്രൻ. 10 രൂപ നൽകിയപ്പോൾ ടിക്കറ്റ് 13 രൂപയാണെന്നു കണ്ടക്ടർ പറഞ്ഞു. പിന്നീട്, കയ്യിൽ ആകെയുണ്ടായിരുന്ന 500 രൂപ നോട്ട് നൽകിയത് കണ്ടക്ടർ ഊരകം സ്വദേശി കടുകപ്പറമ്പിൽ രതീഷിനെ പ്രകോപിപ്പിച്ചു. ബാക്കി നൽകിയപ്പോൾ തുകയിൽ കുറവുള്ളതു പവിത്രൻ ചോദ്യംചെയ്തതോടെ വാക്കേറ്റമായി.

പവിത്രന് ഇറങ്ങേണ്ടിടത്തു ബസ് നിർത്താതെ തൊട്ടടുത്ത പുത്തൻതോട് സ്റ്റോപ്പിലെത്തിയപ്പോൾ കണ്ടക്ടർ പവിത്രനെ ചവിട്ടി വീഴ്‌ത്തുകയായിരുന്നു. റോഡിൽ തലയിടിച്ചു വീണ പവിത്രനെ, കണ്ടക്ടർ വീണ്ടും മർദിക്കുകയും തല പിടിച്ചു കല്ലിൽ ഇടിക്കുകയും ചെയ്‌തെന്നാണു കേസ്. ഇരിങ്ങാലക്കുട പൊലീസ് അന്നുതന്നെ അറസ്റ്റ് ചെയ്ത രതീഷിനെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തിരുന്നു. ഇപ്പോൾ റിമാൻഡിലാണ്. പവിത്രന്റെ ഭാര്യ: കൗസല്യ, മക്കൾ: പ്രണവ്, പ്രിയ. മരുമക്കൾ: ഡെല്ല, റിച്ചു.