- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരിങ്കൽക്വാറിയിലെ വെള്ളത്തിൽ തലയോട്ടി; സ്ത്രീയുടേതെന്ന് സംശയം
പാലക്കാട്: കരിങ്കൽക്വാറിയിലെ വെള്ളത്തിൽനിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. പ്രവർത്തനരഹിതമായ ക്വാറിയിൽ നിന്നാണ് സ്ത്രീയുടെതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തിയത്. എലപ്പുള്ളി രാമശ്ശേരിയിൽ നിരവധിപേർ കുളിക്കാനെത്തുന്ന ക്വാറിയാണിത്. ബുധനാഴ്ച വൈകീട്ട് ആറോടെ ക്വാറിയിൽ തോർത്ത് ഉപയോഗിച്ച് മീൻപിടിക്കുകയായിരുന്ന കുട്ടികൾക്കാണ് തലയോട്ടി കിട്ടിയത്. ഉടൻ തന്നെ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. കസബ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
പൊലീസിന്റെ രാസപരിശോധനാ വിഭാഗവും സ്ഥലത്തെത്തി തലയോട്ടി പരിശോധിച്ചു. 35-നും 45-നുമിടയിൽ പ്രായമുള്ള സ്ത്രീയുടേതാണെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാവിലെ കഞ്ചിക്കോട്ടുനിന്നും പാലക്കാട്ടുനിന്നും അഗ്‌നിരക്ഷാസേനയിലെ മുങ്ങൽവിദഗ്ധരുടെ സ്‌കൂബാ ടീം സ്ഥലത്തെത്തി ക്വാറിയിലെ വെള്ളത്തിൽ വിശദമായ പരിശോധന നടത്തി എങ്കിലും ബാക്കി ഭാഗങ്ങൾ കകണ്ടെത്താനായില്ല. കുളത്തിൽ പലയിടത്തും ആഴം കൂടുതലുള്ളതും ചെളിനിറഞ്ഞതും മുങ്ങൽവിദഗ്ധരുടെ പരിശോധന ദുഷ്‌കരമാക്കി.
തലയോട്ടി വിദഗ്ധപരിശോധനകൾക്കായി ഫോറൻസിക് ലാബിലേക്കയച്ചതായി പൊലീസ് അറിയിച്ചു. ഉള്ളിലെ മാംസഭാഗങ്ങൾ പൂർണമായും അഴുകിയിട്ടില്ലാത്തതിനാൽ ഒരുവർഷത്തിൽ താഴെ പഴക്കമുള്ള തലയോട്ടിയാണിതെന്നാണ് നിഗമനം. ആളുകൾ കുളിക്കാനും മറ്റുമെത്തുന്ന ഇടത്ത് വേനൽക്കാലത്ത് വെള്ളം കുറഞ്ഞതോടെയാണ് തലയോട്ടി ശ്രദ്ധയിൽപ്പെട്ടത്. പ്രദേശത്തുനിന്ന് സമീപകാലത്ത് കാണാതായവരെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചു വരുന്നതായി കസബ പൊലീസ് പറഞ്ഞു. കൂടുതൽ പരിശോധനയ്ക്കായി വെള്ളിയാഴ്ച ക്വാറിയിലെ വെള്ളം പമ്പുചെയ്ത് വറ്റിക്കുന്നതും പൊലീസിന്റെ പരിഗണനയിലുണ്ട്.