തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ 'അമ്മയ്ക്കൊരു കൂട്ട്' പദ്ധതി വിജയകരമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതാദ്യമായാണ് എസ്.എ.ടി. ആശുപത്രിയിൽ പ്രസവ സമയത്ത് ലേബർ റൂമിലുൾപ്പെടെ ബന്ധുവായ ഒരു സ്ത്രീയെ മുഴുവൻ സമയം അനുവദിക്കുന്നത്. ഇത് പ്രസവിക്കാനെത്തുന്ന ഗർഭിണികൾക്കും അവരുടെ കൂട്ടായെത്തുന്ന ബന്ധുക്കൾക്കും ഏറെ ആശ്വാസമാണ്. നൽകുന്ന ചികിത്സകൾ കൃത്യമായറിയാനും സംശയങ്ങൾ ഡോക്ടറോടോ നഴ്സുമാരോടോ ചോദിച്ച് മനസിലാക്കാനും സാധിക്കുന്നു. ഈ പദ്ധതി വിജയിപ്പിക്കാൻ പരിശ്രമിച്ച മുഴുവൻ ടീമിനേയും മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

പ്രസവ സമയത്ത് സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് ആത്മവിശ്വാസം നൽകാനായി ഗർഭിണിക്കൊപ്പം അടുത്ത ബന്ധുവായ ഒരു സ്ത്രീയെ അനുവദിക്കുന്ന പദ്ധതിയാണ് അമ്മയ്ക്കൊരു കൂട്ട്. ഇതിലൂടെ ഗർഭിണിയും ബന്ധുക്കളും ആശുപത്രി ജീവനക്കാരും തമ്മിൽ സൗഹൃദാന്തരീക്ഷം ഒരുക്കിയെടുക്കാൻ കഴിയുന്നു. പ്രസവിക്കാനായി ആശുപത്രിയിൽ അഡ്‌മിറ്റാകുമ്പോൾ തന്നെ അമ്മയോ, സഹോദരിയോ, മറ്റു ബന്ധുക്കളോ ഉൾപ്പെടെ ആര് പ്രസവ സമയത്ത് ഒപ്പമുണ്ടാകണമെന്ന് ഗർഭിണിക്ക് തീരുമാനിക്കാം. പ്രസവത്തിലേക്ക് പോകുമ്പോൾ പലർക്കും പല തരത്തിലുള്ള സങ്കീർണതകളുണ്ടാകാം. അതിനാൽ പതറാതെ വിവിധ ഘട്ടങ്ങളിൽ എന്തൊക്കെ ചെയ്യണമെന്ന് ഗർഭിണിക്കും ബന്ധുവിനും കൃത്യമായ ക്ലാസുകളും നൽകുന്നു.

ഒരു സ്ത്രീയെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും വേദനയുള്ളതും അതേ സമയം സന്തോഷം നൽകുന്നതുമായ സമയമാണ് പ്രസവം. അതിനാൽ തന്നെ ആ നേരത്ത് പ്രിയപ്പെട്ട ഒരാൾ അടുത്തുണ്ടാകുന്നത് ഏറെ സഹായിക്കും. ആശ്വസിപ്പിക്കാനും പുറത്തുള്ള ബന്ധുക്കളുടെ ആകാംക്ഷ കുറയ്ക്കാനും ഇതേറെ സഹായിക്കുന്നു. അങ്ങനെ പ്രസവിക്കാനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് മുതൽ പ്രസവം കഴിഞ്ഞ് ആശുപത്രി വിടുന്നതുവരെ പ്രിയപ്പെട്ട ഒരു ബന്ധുവിന്റെ സാമീപ്യം ഉറപ്പാക്കുന്നത് ഏറെ സന്തോഷവും ആശ്വാസവുമാണ്.

അടുത്തിടെ മികച്ച സ്‌കോറോടെ എസ്.എ.ടി. ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചിരുന്നു. ലോകോത്തര നിലവാരത്തിലുള്ള പ്രസവ ചികിത്സ ലഭ്യമാക്കുക, അണുബാധ കുറയ്ക്കുക, പ്രസവ സമയത്ത് മെച്ചപ്പെട്ട സംരക്ഷണം, പ്രസവാനന്തരമുള്ള ശൂശ്രൂഷ, ഗുണഭോക്താക്കളുടെ സംതൃപ്തി, ലേബർ റൂമുകളുടെയും പ്രസവ സംബന്ധമായ ഓപ്പറേഷൻ തിയേറ്ററുകളുടേയും ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. പ്രസവം കഴിഞ്ഞ് അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതിയും നടപ്പിലാക്കി വരുന്നു.

ജീവനക്കാരുടെ കൂട്ടായ പ്രയത്നത്തിലൂടെയാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സുജമോൾ, നോഡൽ ഓഫീസർ ഡോ. ജയശ്രീ വാമൻ, ചീഫ് നഴ്സിങ് ഓഫീസർ അമ്പിളി ഭാസ്‌കരൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വലിയൊരു സംഘമാണ് പദ്ധതി വിജയിപ്പിക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത്.