കൊച്ചി: മധുരയിൽ മലയാളിയായ വനിത റെയിൽവേ ഗാർഡിനെ ആക്രമിച്ച് പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രായപൂർത്തിയാവാത്ത നാല് പേർ അറസ്റ്റിൽ. കൊല്ലം സ്വദേശിയായ രാഖി (28)യെയാണ് ഒരു സംഘം മോഷ്ടാക്കൾ ട്രെയിനിൽ വച്ച് ആക്രമിച്ചതും കവർച്ച നടത്തിയതും. ആക്രമണത്തിൽ പരുക്കേറ്റ രാഖി റെയിൽവേ ആശുപത്രിയിൽ ചികിത്സയിലാണ്.

മധുര റെയിൽവേ ജംക്ഷനിലേക്ക് കയറുന്നതിനു മുൻപ് ട്രെയിൻ സിഗ്‌നൽ കാത്തു കിടക്കുമ്പോഴായിരുന്നു ആക്രമണം. രാഖിയുടെ പണവും മൊബൈൽ ഫോണും അടക്കമുള്ളവ സൂക്ഷിച്ച ബാഗ് സംഘം തട്ടിപ്പറിച്ചു. ജയിലിൽ നിന്നിറങ്ങിയാൽ കാണിച്ചു തരാമെന്ന് രാഖിക്കു നേരെ ഇവർ വധഭീഷണി മുഴക്കിയതായി ദക്ഷിണ റെയിൽവേ ബോർഡ് അംഗവും മലയാളിയുമായ രാഹുൽ സുരേഷ് പറഞ്ഞു.

രാഖിയുടെ വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് രാഹുൽ സുരേഷ് തമിഴ്‌നാട് ദക്ഷിണ റെയിൽവേ ബോർഡ് അംഗമായ മാധവനെ വിവരം അറിയിക്കുകയും അദ്ദേഹം രാഖിയെ ആശുപത്രിയിൽ സന്ദർശിക്കുകയും ചെയ്തു. വലിയ മോഷണ സംഘം തന്നെ പ്രതികൾക്ക് പിന്നിൽ പ്രവർത്തിക്കുന്നു എന്നാണ് വിവരം. വധഭീഷണി ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് സ്ഥലം മാറ്റം വേണമെന്ന് രാഖി ആവശ്യപ്പെട്ടിട്ടുണ്ട്.