വർക്കല: വർക്കലയിൽ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി. വർക്കല ചെറുന്നിയൂർ അമ്പിളിച്ചന്ത ശിവശക്തിയിൽ സുനിലിന്റെയും മായയുടെയും മകൻ അശ്വിനെയാണ് (18) കാണാതായത്.

വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ വർക്കല ഏണിക്കൽ ബീച്ചിനും ആലിയിറക്കത്തിനും മധ്യേയായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം തീരത്ത് ഫുട്‌ബോൾ കളിച്ച ശേഷം കടലിലിറങ്ങി കുളിക്കവെയാണ് അശ്വിൻ ശക്തമായ തിരയിൽപ്പെട്ടത്. കൂട്ടുകാർ ബഹളം വെച്ചതിനേ തുടർന്ന് നാട്ടുകാർ ഓടിക്കൂടി തിരച്ചിൽ നടത്തിയെങ്കിലും അശ്വിനെ കണ്ടെത്താനായില്ല.

കോസ്റ്റൽ പൊലീസും ലൈഫ് ഗാർഡുകളും ടൂറിസം പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. രാത്രിയും തിരച്ചിൽ തുടരുകയാണ്. പേരേറ്റിൽ ബി.പി.എം. മോഡൽ സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായിരുന്നു അശ്വിൻ.