കോഴിക്കോട്: വൈദ്യുതി നിലച്ചതിന് പിന്നാലെ കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതി. കോഴിക്കോട് പന്തീരാങ്കാവിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രാത്രിയിൽ വൈദ്യുതി നിലച്ചതിനെ തുടർന്ന് ഒരു സംഘം ആളുകളെത്തി ഓഫീസിന് നാശനഷ്ടം വരുത്തി എന്നാണ് പരാതി. സംഭവത്തിൽ സെക്ഷൻ ഓഫീസ് ജീവനക്കാരാണ് പൊലീസിൽ പരാതി നൽകി. ഓഫീസിന്റെ ബോർഡ് തകർത്തു എന്നാണ് ജീവനക്കാരുടെ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജീവനക്കാരെ ഒരു സംഘമെത്തി അസഭ്യം പറഞ്ഞു. ഓഫീസ് ബോർഡിന് നേരെ കല്ലേറ് ഉണ്ടായി. ഗ്രിലുള്ളതുകൊണ്ടാണ് ആളുകൾക്ക് ഉള്ളിലേക്ക് കയറാൻ പറ്റാഞ്ഞത്. മുകളിൽ നിന്നുള്ള നിർദേശ പ്രകാരമാണ് എട്ട് ട്രാൻസ്ഫോർമർ ഓഫാക്കിയത്. മറ്റ് വഴികൾ ഇല്ലാത്തതുകൊണ്ടാണ് ട്രാൻസ്‌ഫോർമർ ഓഫാക്കിയതെന്നും പന്തീരാങ്കാവ് സെക്ഷൻ അസി എഞ്ചിനിയർ പ്രതികരിച്ചു. പരാതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിക്രമിച്ചു കയറിയതിനും നാശനഷ്ടം വരുത്തിയതിലും പ്രതിഷേധിച്ച് ജീവനക്കാർ സംയുക്തമായി പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. അക്രമികളെ അറസ്റ്റ് ചെയ്തു ജീവനക്കാർക്ക് സ്വൈര്യമായി ജോലി ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് വിവിധ സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, പരാതി ലഭിച്ചെന്നും പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ കേസ് രജിസ്റ്റർ ചെയ്യുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.