- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്ഷേത്രങ്ങളിൽ അരളിപ്പൂവിന് തൽക്കാലം വിലക്കില്ല
തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോഗിക്കുന്നതിനു തൽക്കാലം വിലക്കില്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. പൂവിൽ വിഷാംശം ഉണ്ടെന്ന ശാസ്ത്രീയമായ ഒരു റിപ്പോർട്ടും കിട്ടിയിട്ടില്ലെന്ന് പി എസ് പ്രശാന്ത് പറഞ്ഞു.
അരളിപ്പൂ മരണകാരണമാകുമെന്ന് ആധികാരികമായ റിപ്പോർട്ട് ലഭിച്ചിട്ടില്ല. അങ്ങനെ റിപ്പോർട്ട് കിട്ടിയാൽ ഉപയോഗം നിരോധിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ഇതു സംബന്ധിച്ചു തീരുമാനമെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്നു ചേരുന്നുണ്ട്. ഇതിനു മുൻപാണു ബോർഡ് പ്രസിഡന്റ് നിലപാടു വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രനാണു നെടുമ്പാശേരി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചത്. അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചതു മൂലമാണു മരണമെന്നാണു പ്രാഥമിക നിഗമനം.
അയൽവാസികളോട് യാത്ര പറയാനെത്തിയപ്പോൾ അശ്രദ്ധമായി അരളിപ്പൂവ് ചവയ്ക്കുകയും കുറച്ച് ഭാഗം അറിയാതെ വിഴുങ്ങുകയും ചെയ്തിരുന്നുവെന്നാണ് സൂചന. ആന്തരിക അവയവങ്ങളുടെ ഫോറൻസിക് പരിശോധനാ ഫലം കൂടി പുറത്ത് വന്നാലെ മരണകാരണം അന്തിമമായി വ്യക്തമാകൂവെന്നും ഡോക്ടർമാർ അറിയിച്ചു.
വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു. ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക.
സംസ്ഥാനത്തു ചില ക്ഷേത്രങ്ങളിൽ അരളി നേരത്തെ തന്നെ ഒഴിവാക്കിയിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ പണ്ടു മുതലേ അരളി പൂജയ്‌ക്കോ മാല ചാർത്താനോ ഉപയോഗിക്കാറില്ലെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പറഞ്ഞു.