തിരുവനന്തപുരം: പാറശ്ശാലയിൽ സ്‌കൂട്ടർ യാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ആക്രമിച്ച് ആറ് പവന്റെ മാല പൊട്ടിച്ച പ്രധാന പ്രതി പിടിയിൽ. കൊല്ലം ജില്ലയിലെ ചിതറ വളവ് പച്ചദേശത്ത് ഉണ്ണിമുക്ക് സൂര്യകുളം തടത്തരികത്ത് വീട്ടിൽ മുഹമ്മദ് ഷാൻ(24)ആണ് പൊലീസ് പിടിയിലായത്. ഇക്കഴിഞ്ഞ മാർച്ച് 18-ന് രാവിലെ പതിനൊന്ന് മണിയോട് കൂടി പ്ലാമൂട്ടുക്കട പൊഴിയൂർ റോഡിൽ വച്ചാണ് ആക്രമണമുണ്ടായത്.

പ്ലാമൂട്ടുക്കടയിലെ ഡ്രൈവിങ് സ്‌കൂളിലെ ജീവനക്കാരിയായ വിരാലി ചെറിയകണ്ണുക്കുഴി വീട്ടിൽ ലിജി ദാസിന്റെ മാലയാണ് മോഷ്ടിച്ചത്. പ്ലാമൂട്ടുക്കടയിൽ നിന്ന് പൂഴിക്കുന്ന് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ലിജിദാസ് സ്‌കൂട്ടർ തിരിക്കുന്നതിനായി റോഡരികിലേക്ക് ഒതുക്കിയപ്പോൾ മുഹമ്മദ് ഷാൻ ലിജിദാസിനെ ആക്രമിച്ച് മാല തട്ടിപ്പറിക്കുകയായിരുന്നു. ആക്രമിയെ പ്രതിരോധിക്കാൻ ലിജിദാസ് ശ്രമിച്ചെങ്കിലും ലിജിയെ ആക്രമിച്ച് പ്രതികൾ മാലയുമായി രക്ഷപ്പെടുകയായിരുന്നു.

ലിജി ദാസിനെ ആക്രമിച്ച് മാല തട്ടിപ്പറിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലടക്കം വൈറലായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ തിരുവനന്തപുരം നഗരത്തിൽ വച്ച് പൊലീസ് നേരത്തെ പിടികൂടിയിരുന്നു. സംഭവത്തിന് ശേഷം ബാംഗ്ലൂരിൽ ഒളിവിൽപ്പോയ മുഹമ്മദ് ഷാനെ വെള്ളിയാഴ്ച രാത്രി പൊലീസ് ആറ്റിങ്ങലിന് സമീപത്ത് വച്ച് പിടികൂടുകയായിരുന്നു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് പൊഴിയൂർ പൊലീസ് തെളിവെടുപ്പ് നടത്തി.