മലപ്പുറം: താനൂർ സ്വദേശിയായ താമിർ ജിഫ്രി കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പ്രതികളായ നാലു പൊലീസുകാരെ സിബിഐ. അറസ്റ്റുചെയ്തത് നിർണ്ണായക തെളിവ് ശേഖരണത്തിന് ശേഷം. എറണാകുളം സി.ജെ.എം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്ത് കാക്കനാട് ജില്ലാ ജയിലിലേക്കയച്ചു. ഇതോടെ കസ്റ്റഡി മരണത്തിൽ സിബിഐ നിർണ്ണായക സൂചനകൾ നൽകുകയാണ്. മുൻ ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സേനയിലെ അംഗങ്ങളാണ് അറസ്റ്റിലായ നാലു പൊലീസുകാരും. കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്. ഗൂഢാലോചനയും തെളിവ് നശീകരണവും സിബിഐ പരിശോധിക്കുന്നുണ്ട്.

ഒന്നാംപ്രതിയായ താനൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മലപ്പുറം പള്ളിക്കൽ അങ്കപറമ്പ് അനുപമ നിവാസിൽ ജിനീഷ്, പരപ്പനങ്ങാടി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കൊല്ലം നീണ്ടകര ആലീസ് ഭവനം ആൽബിൻ അഗസ്റ്റിൻ, കൽപ്പകഞ്ചേരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മലപ്പുറം താനാളൂർകരയകത്തുവീട്ടിൽ അഭിമന്യു, തിരൂരങ്ങാടി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മലപ്പുറം വള്ളിക്കുന്ന് വിപഞ്ചികയിൽ വിപിൻ എന്നിവരെയാണ് സിബിഐ.യുടെ തിരുവനന്തപുരം യൂണിറ്റ് ഉദ്യോഗസ്ഥർ അവരുടെ വീടുകളിൽനിന്ന് അറസ്റ്റുചെയ്തത്. എല്ലാവർക്കുമെതിരേ കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി മരിക്കുന്നത്. എം.ഡി.എം.എ. കൈവശംവെച്ചു എന്ന പേരിലായിരുന്നു അറസ്റ്റ്. പിന്നീട് സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നാണ് എഫ്.ഐ.ആർ. എന്നാൽ, മർദനത്തെത്തുടർന്നാണ് താമിർ മരിച്ചതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. ഹൈക്കോടതി നിർദേശത്തെത്തുടർന്ന് അന്വേഷണച്ചുമതല സർക്കാർ സിബിഐ.യ്ക്ക് കൈമാറുകയുമായിരുന്നു. ഡിവൈ.എസ്‌പി. കുമാർ റോണകിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.