തിരുവനന്തപുരം: അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വർണം തിരുവനന്തപുരത്ത് പിടികൂടി. രണ്ടു യാത്രക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മൂന്ന് സ്വർണ്ണ ബിസ്‌കറ്റുകളും സ്വർണനാണയവും ഉൾപ്പെടെ 478 ഗ്രാം തൂക്കമുള്ള സ്വർണമാണ് പിടിച്ചെടുത്തത്.

ദമാമിൽ നിന്ന് ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരാണ് പിടിയിലായത്. ലഗേജുകൾ പരിശോധിച്ചപ്പോൾ ഒന്നും കണ്ടെത്തിയിരുന്നില്ല. എന്നാൽ സംശയത്തെ തുടർന്ന് നടത്തിയ ദേഹപരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.

അടിവസ്ത്രത്തിൽ പ്രത്യേക അറകളുണ്ടാക്കി അതിനുള്ളിൽ സ്വർണം ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ശനിയാഴ്ച എത്തിയ യാത്രക്കാരനിൽ നിന്ന് 11.60 ലക്ഷം രൂപ വിലയുള്ള 166.60 ഗ്രാമിന്റെയും ഞായറാഴ്ച എത്തിയ യാത്രക്കാരനിൽ നിന്ന് 21.34 ലക്ഷം രൂപയുടെ 308 ഗ്രാം തൂക്കമുള്ള സ്വർണവുമാണ് പിടിച്ചെടുത്തത്.