കോഴഞ്ചേരി: ബൈക്കപകടത്തിൽപ്പെട്ട യുവാവിനെ വഴിയിലുപേക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായ സുഹൃത്തിനെ റിമാൻഡുചെയ്തു. ഇലന്തൂർ നെല്ലിക്കാല പ്ലാംകുട്ടത്തിൽ മുരുപ്പേൽ സുധീഷ് മരിച്ച സംഭവത്തിലാണ് ബൈക്ക് ഓടിച്ചിരുന്ന പത്തനംതിട്ട കുലശേഖരപതി ബിയാത്തുമ്മ പുരയിടത്തിൽ സഹദിനെ (27) കോടതി റിമാൻഡ് ചെയ്തത്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് വിധി. ശനിയാഴ്ച രാത്രി ടി.കെ.റോഡിൽ കാരംവേലി സ്‌കൂളിനു സമീപത്തായിരുന്നു അപകടം.

സുധീഷിനെ സഹദ് വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോകുംവഴിയായിരുന്നു അപകടം. അപകടം ഉണ്ടായതിന് പിന്നാലെ സുധീഷിനെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സഹദിനെ നാട്ടുകാരാണ് പിടികൂടിയത്. അശ്രദ്ധമൂലം മരണത്തിന് ഇടയാക്കിയതിനാണ് ആദ്യം സഹദിനെതിരേ ആറന്മുള പൊലീസ് കേസ് എടുത്തത്. എന്നാൽ ഇയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞതോടെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും കേസ് എടുത്തു. സുധീഷിന്റെ മൃതദേഹം തിങ്കളാഴ്ച, അച്ഛൻ രാജേഷിന്റെ ചെങ്ങറയിലെ കുറുന്തോട്ടിക്കൽ കുമ്പളാത്താമൺ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.