ചെറുതോണി: സ്‌കാൻ ചെയ്യാനായി പോകുന്നതിനിടെ യുവതി ഓട്ടോയ്ക്കുള്ളിൽ പ്രസവിച്ചു. കഴിഞ്ഞദിവസം രാവിലെ ചെറുതോണി ഗാന്ധിനഗർ സ്വദേശിനിയായ യുവതിയാണ് ഓട്ടോയ്ക്കുള്ളിൽ പ്രസവിച്ചത്. ഗർഭിണിയായ യുവതിയെ സ്‌കാൻ ചെയ്യാൻ കൊണ്ടുപോകുന്നതിനായി ബന്ധുക്കൾ, ചെറുതോണി ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുന്ന കണിയാപറമ്പിൽ സുബൈറിനെ അടിമാലിക്ക് ഓട്ടം വിളിച്ചു. യാത്രാമധ്യേ അസ്വസ്ഥത തോന്നിയ യുവതിയെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുന്നതിനായി ഡ്രൈവർ വേഗത്തിൽ ഓട്ടോറിക്ഷ ഓടിച്ചു. എന്നാൽ, പനംകൂട്ടിയിൽവെച്ച് പ്രസവവേദന കൂടി. ഓട്ടോറിക്ഷഡ്രൈവർ വാഹനം നിർത്തിയിട്ട് മാറിനിന്നു.

യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. എന്നാൽ, പൊക്കിൾക്കൊടി മുറിഞ്ഞില്ല. പിന്നീട് അമ്മയേയും കുഞ്ഞിനേയും അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡ്രൈവറുടെ അവസരോചിതമായ ഇടപെടലാണ് തുണയായതെന്ന് യുവതിയും കുടുംബവും പറഞ്ഞു.