പാറശ്ശാല: രാത്രിയിൽ വൈദ്യുതി വിച്ഛേദിച്ചശേഷം യുവാക്കൾ റോഡിൽ ബൈക്ക് റേസിങ് നടത്തുന്നതായി നാട്ടുകാരുടെ പരാതി. കെ.എസ്.ഇ.ബി. ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഇളക്കിമാറ്റി വൈദ്യുതി വിച്ഛേദിച്ചശേഷമാണ് ലഹരി സംഘത്തിന്റെ പേകൂത്ത്. സംഭവത്തിൽ കെ.എസ്.ഇ.ബി.ക്ക് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.

ഞായറാഴ്ച രാത്രി പത്തരയോടെ പരശുവയ്ക്കലിനു സമീപം നെടിയാംകോട്ടിലാണ് സംഭവം. നെടിയാംകോട് കവലയിലെ ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഇളക്കിമാറ്റിയശേഷം രണ്ട് യുവാക്കൾ ബൈക്കുകളിൽ റോഡിൽ മത്സരയോട്ടം നടത്തുകയായിരുന്നു. രാത്രിയിൽ ബൈക്കുകളുടെ ശബ്ദംകേട്ട് നാട്ടുകാർ പുറത്തിറങ്ങി. സംഭവം ചോദ്യം ചെയ്ത നാട്ടുകാരെ അസഭ്യം വിളിച്ചശേഷം ആയുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.

നാട്ടുകാരുടെ പരാതിയെ ത്തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. സ്ഥിരമായി പ്രദേശത്ത് മദ്യലഹരിയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന സംഘത്തിലെ അംഗങ്ങളാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് നാട്ടുകാർ പറയുന്നു.