- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ കാറിന് തീപിടിച്ചു; വാഹനം കത്തിനശിച്ചു, ആളപായമില്ല
കുട്ടനാട്: ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു. ബോണറ്റിനുള്ളിൽനിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി പരിശോധിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. മങ്കൊമ്പിൽ സിപിഎം കുട്ടനാട് ഏരിയ കമ്മറ്റി ഓഫീസിന് സമീപം പകൽ മൂന്നുമണിക്ക് ശേഷമായിരുന്നു സംഭവം.
ചമ്പക്കുളം ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് കേശവസദനത്തിൽ സുശീലയുടെ ഉടമസ്ഥതയിലുള്ള മാരുതി കാറാണ് കത്തി നശിച്ചത്. സുശീലയുടെ ഭർത്താവ് രമേശ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇയാൾ നിസ്സാര പരിക്കോടെ രക്ഷപെട്ടു.
രമേശ് മങ്കൊമ്പ് പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറച്ച് നെടുമുടിയിലെ തന്റെ സ്ഥാപനത്തിലേക്ക് പോകവേയാണ് ബോണറ്റിനുള്ളിൽനിന്ന് പുക ഉയരുന്നത് കണ്ടത്. വാഹനം നിർത്തി പരിശോധിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു.
ചങ്ങനാശ്ശേരിയിൽനിന്ന് ഫയർ ഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്. കാർ പൂർണ്ണമായും കത്തിനശിച്ചു. കാറിനുള്ളിലെ ഷോർട് സർക്യൂട് ആകാം തീപിടിത്തത്തിന് കാരണമായതെന്ന് കരുതുന്നു. അപകടത്തേത്തുടർന്ന് ഒരു മണിക്കൂറോളം എ.സി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.