കോട്ടയം: വൈക്കത്ത് കള്ളു ചെത്താൻ തെങ്ങിൽ കയറിയ തൊഴിലാളി മൂന്നു മണിക്കൂറോളം തെങ്ങിൽ കുടുങ്ങി. തുരുത്തുമ്മ സ്വദേശി വലിയതറയിൽ രാജേഷ് (44) ആണ് 42 അടിയോളം ഉയരമുള്ള തെങ്ങിനു മുകളിൽ കുടുങ്ങിയത്. രാജേഷ് തെങ്ങിൽ കയറിയതിന് പിന്നാലെ ശക്തമായ കാറ്റും മഴയും ഉണ്ടായി. ഇതോടെ ഭയചകിതനായ ഇയാൾക്ക് തെങ്ങിന് മുകളിൽ നിന്നും ഇറങ്ങാൻ കഴിയാതെ വരികയായിരുന്നു.

ബുധനാഴ്ച വൈകിട്ട് ആറോടെയാണ് രാജേഷ് കള്ളു ചെത്താനായി തെങ്ങിൽ കയറിയത്. പിന്നാലെ തന്നെ കാറ്റും മഴയും എത്തി. കാറ്റത്തുണ്ടായ ഭയം കാരണമാണ് തെങ്ങിൽ നിന്നും ഇറങ്ങാൻ സാധിക്കാതെ വന്നത്.

മുകളിൽ നിന്നും സമീപത്തെ വീട്ടുകാരെ വിളിച്ച് രാജേഷ് പറയുമ്പോഴാണ് നാട്ടുകാർ വിവരം അറിഞ്ഞത്. തുടർന്ന് വൈക്കം അഗ്‌നിശമന സേനയെ അറിയിച്ചു. സ്റ്റേഷൻ ഓഫിസർ ടി. ഷാജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി രാത്രി 9.15 ഓടെയാണ് രാജേഷിനെ താഴെ ഇറക്കിയത്.