തിരുവനന്തപുരം: ഒ.എൻ.വി. കൾച്ചറൽ അക്കാദമിയുടെ സാഹിത്യപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഒ.എൻ.വി. സാഹിത്യപുരസ്‌കാരം ജ്ഞാനപീഠ ജേതാവും വിഖ്യാത സാഹിത്യകാരിയുമായ പ്രതിഭാ റായിക്കും യുവസാഹിത്യ പുരസ്‌കാരം ദുർഗാപ്രസാദിനും നൽകും.

മൂന്നുലക്ഷം രൂപയും ശില്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് സാഹിത്യപുരസ്‌കാരം. ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷനും പ്രഭാവർമ, എസ്.മഹാദേവൻ തമ്പി എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്. മൂർത്തീദേവി പുരസ്‌കാരം ലഭിച്ച ആദ്യ വനിതയായ പ്രതിഭാ റായിയെ പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

ദുർഗാപ്രസാദിന്റെ 'രാത്രിയിൽ അച്ചാങ്കര' എന്ന കാവ്യസമാഹാരമാണ് യുവസാഹിത്യ പുരസ്‌കാരത്തിന് അർഹമായത്. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രഭാവർമ അധ്യക്ഷനും എസ്.മഹാദേവൻ തമ്പി, എ.ജി.ഒലീന എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരനിർണയം നടത്തിയത്. ഒ.എൻ.വി.യുടെ ജന്മദിനമായ 27-ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്ന് അക്കാദമി അധ്യക്ഷൻ അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചു.