മൂന്നാർ: മാട്ടുപ്പട്ടിയിലെത്തുന്ന വിനോദസഞ്ചാരികൾക്കായി ഇനിമുതൽ ഇലക്ട്രിക് ബോട്ട് സവാരി. ഹൈഡൽ ടൂറിസം വകുപ്പാണ് നേരത്തെ ഡീസൽ എൻജിൻ ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന ബോട്ടിനെ ഇലകട്രിക് ആക്കി മാറ്റിയത്. 20 പേർക്ക് ഒരേസമയം യാത്രചെയ്യാം. 20 പേർക്ക് 2000 രൂപയാണ് നിരക്ക്. നേരത്തെ മാട്ടുപ്പട്ടി ഡാമിൽ ഇലക്ട്രിക് ബോട്ട് പരീക്ഷണം നടത്തിയിരുന്നെങ്കിലും ഇപ്പോഴാണ് സർവീസ് തുടങ്ങുന്നത്.

ഒറ്റ ചാർജിങ്ങിൽ നാലുമണിക്കൂർവരെ ബോട്ട് പ്രവർത്തിക്കും. 50 ലക്ഷം രൂപ ചെലവഴിച്ച് ഇറക്കുമതി ചെയ്ത ഇലക്ട്രിക് എൻജിനും ബാറ്ററികളുമാണ് ബോട്ടിൽ ഉപയോഗിക്കുന്നത്. ദിവസേന 12 ട്രിപ്പുകൾവരെ നടത്താൻ കഴിയുമെന്ന് ഹൈഡൽ ടൂറിസം അധികൃതർ പറഞ്ഞു. ഡീസൽ ബോട്ടുകളുടെ ശബ്ദം വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു എന്ന് നേരത്തേ പരാതി ഉയർന്നിരുന്നു.

ബോട്ട് സർവീസ് ആനകളുടെ സ്വൈര്യ വിഹാരത്തിന് തടസ്സമാകുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് ആനയിറങ്ങൽ ഡാമിൽ ബോട്ടിങ് നിരോധിച്ച് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ഇലക്ട്രിക് ബോട്ട് വന്നതോടെ ശബ്ദ-അന്തരീക്ഷ മലിനീകരണത്തിനും പരിഹാരമാകുമെന്നാണ് കരുതുന്നത്.