പയ്യോളി: ഒരുമാസംമുമ്പ് പിതാവ് കൊലപ്പെടുത്തിയ ഗോപിക എന്ന കൊച്ചുമിടുക്കിക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം. ഒമ്പത് എ പ്ലസും ഒരു എയും നേടി ഗോപിക വിജയിച്ചെങ്കിലും ആഹ്ലാദംപങ്കിടാൻ ആ കുടുംബത്തിൽ ഇനി ആരുമില്ല. അമ്മയ്ക്ക് പിന്നാലെ ഗോപികയും അനുജത്തിയും പിന്നീട് അച്ഛനും മരണത്തിന് കീഴടങ്ങി. എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ തൊട്ടടുത്തദിവസമാണ് ഗോപികയെയും അനിയത്തി ജ്യോതികയെയും അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയത്.

മക്കളെ കൊന്ന ശേഷം അച്ഛൻ അയനിക്കാട് കുറ്റിയിൽ പീടികയ്ക്കുസമീപം പുതിയോട്ടിൽ വള്ളിൽ ലക്ഷ്മിനിലയത്തിൽ സുമേഷ് തീവണ്ടിക്ക് മുന്നിൽച്ചാടി മരിക്കുകയും ചെയ്തു. ഗോപികയുടെ അമ്മ കോവിഡ് ബാധിച്ച് നേരത്തേ മരിച്ചിരുന്നു. പരീക്ഷകഴിഞ്ഞ് അവധിക്കാലമാഘോഷിക്കാൻ ഒരുങ്ങവേയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.ഗോപികയുടെ അമ്മ സ്വപ്ന മൂന്നുവർഷംമുമ്പ് കോവിഡ് ബാധിച്ചാണ് മരിച്ചത്.

720 പേർ പരീക്ഷയെഴുതിയ പയ്യോളി ടി.എസ്. ജി.വി.എച്ച്.എസ്. സ്‌കൂളിലെ ഫലം വന്നപ്പോൾ എല്ലാവരും അന്വേഷിച്ചത് ഗോപികയുടെ റിസൾട്ടായിരുന്നു. ഗോപികയുടെ വിജയം പ്രതീക്ഷിച്ചതാണ്. എങ്കിലും ആ വിജയം അദ്ധ്യാപകർക്കും സഹപാഠികൾക്കും നാട്ടുകാർക്കുമെല്ലാം വേദനാജനകമായ അനുഭവമായി.

"ആ കുട്ടിയെക്കുറിച്ച് ഓർക്കുമ്പോൾ..." -അദ്ധ്യാപകർ വാക്കുകൾ പൂർത്തിയാക്കിയില്ല. പഠനത്തിലും പഠനേതരപ്രവർത്തനങ്ങളിലും മികവുപുലർത്തിയ ഗോപിക സ്‌കൂളിലെ മിടുക്കിയായ വിദ്യാർത്ഥിയായിരുന്നു. ജില്ലയിൽ കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയ സർക്കാർവിദ്യാലയത്തിൽപെടുന്നതാണ് പയ്യോളി ഗവ. സ്‌കൂൾ. തുടർച്ചയായ രണ്ടാംതവണയാണ് 100 ശതമാനം വിജയം.