കോഴഞ്ചേരി: ഹൈസ്‌കൂൾ പഠനം തുടങ്ങിയ ശേഷം അലീന സൂസൻ ജിജോ സ്‌കൂളിന്റെ പടി ചവിട്ടിയിട്ടില്ല. അസുഖം ബാധിച്ച് നടക്കാനാവാതെ വീൽ ചെയറിലായതോടെ വീട്ടിലിരുന്നായിരുന്നു അലീനയുടെ തുടർ പഠനം. എന്നിട്ടും പത്താം ക്ലാസ് പരീക്ഷയിൽ 7 എ പ്ലസും 3 എയും നേടി വിജയിച്ചിരിക്കുകയാണ് ചിറയിറമ്പ് മൂലയ്ക്കൽ മോടപാറയ്ക്കൽ ജിജോ ഈപ്പന്റെയും പ്രിയ അന്ന ജോണിന്റെയും മൂത്ത മകളായ അലീന.

കാലിലെ മസിലുകൾ ശോഷിച്ചുപോകുന്ന രോഗവും വേദനയുമായി മൂന്നു വർഷമായി അലീന വീട്ടിൽ തന്നെയാണ്. മരാമൺ എംഎംഎ എച്ച്എസ് സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് രോഗം തുടങ്ങുന്നത്. ആദ്യം കാലിനു വേദനയായിരുന്നു. നടക്കുമ്പോൾ വീഴാൻ പോകും. അപ്പോഴാണ് കോവിഡ് തുടങ്ങുന്നത്. അതോടെ വീട്ടിൽ തന്നെയായി. ഓൺലൈൻ പഠനവും ചികിത്സയും ഒന്നിച്ചാണ് കൊണ്ടുപോയത്. അടുത്ത വർഷം ഒൻപതാം ക്ലാസിലായപ്പോഴേക്കും രോഗം കലശലായി. തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു ചികിത്സ.

ശരീരത്തിന്റെ ഒരു ഭാഗം ഭാഗികമായി തളർന്നു പോകുന്ന അവസ്ഥയിലും അലീന പഠനം മാറ്റിവച്ചില്ല. പത്താം ക്ലാസിലെത്തിയപ്പോൾ മറ്റു കൂട്ടുകാരെല്ലാം സ്‌കൂളിൽ പോകുമ്പോൾ അലീന നടക്കാൻ പോലും കഴിയാതെ വീട്ടിലിരുന്നു വേദന സഹിച്ച് പാഠങ്ങളെല്ലാം പഠിച്ചു. സംശയം വരുമ്പോൾ അദ്ധ്യാപകരെ ഫോണിൽ വിളിച്ചു ചോദിക്കും.

പരീക്ഷ എഴുതിയതു പോലും സ്‌കൂളിൽ പ്രത്യേക സംവിധാനം ഒരുക്കിയാണ്. അലീനയുടെ ചികിത്സ ഇപ്പോഴും പൂർത്തിയായിട്ടില്ല. 18 വയസാകുമ്പോൾ ഒരു ശസ്ത്രക്രിയ കൂടി നടത്തിയാലേ രോഗം മാറ്റാൻ കഴിയുകയുള്ളു. ഇപ്പോഴും ഫിസിയോതെറാപ്പി തുടരുകയാണ്. രോഗത്തെ നേരിടാനും പരീക്ഷയിൽ വിജയിക്കാനും അലീനയ്ക്കുള്ളത് ആവോളം ആത്മവിശ്വാസമാണ്. ഏക സഹോദരി അലീറ്റ അന്ന ജിജോ ഏഴാം ക്ലാസിലാണ്.