തൃശ്ശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25) യുടെ മൃതദേഹമാണ് തിരച്ചിലിനൊടുവിൽ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്.

ബുധനാഴ്ച വൈകുന്നേരം 6.30-ന് രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. എറണാകുളം മഹാരാജാസ് കോളേജിലെ എം.എസ്സി. ബോട്ടണി വിദ്യാർത്ഥിയും എസ്.എഫ്.ഐ.യുടെ കോളേജ് യൂണീറ്റ് സെക്രട്ടറിയുമാണ് യഹിയ. കേരള വനഗവേഷണസ്ഥാപനത്തിൽ ഇന്റേൺഷിപ്പ് ചെയ്യാൻ എത്തിയതായിരുന്നു.

ഇന്നലെ രാത്രി 11 വരെ തിരച്ചിൽ നടത്തിയെങ്കിലും ചെളിയും വെളിച്ചക്കുറവുമൂലം തിരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ തിരച്ചിൽ പുനരാരംഭിച്ചു. വൈകുന്നേരം 6.30-ന് വിദ്യാർത്ഥി റിസർവോയറിൽ മുങ്ങിപ്പോയെങ്കിലും രാത്രി ഒൻപതുമണിയോടുകൂടിയാണ് തിരച്ചിൽ ആരംഭിക്കാൻ കഴിഞ്ഞത്. തിരച്ചിലിന് ബോട്ട് ലഭിക്കാതിരുന്നതാണ് കാരണം. പീച്ചി ഡാമിലുള്ള വനംവകുപ്പിന്റെ ബോട്ടിൽ ഡ്രൈവർ ഇല്ലായിരുന്നു.