കോഴിക്കോട്: എകരൂലിലെ 61-കാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എകരൂൽ സ്വദേശി നീരിറ്റിപറമ്പിൽ ദേവദാസിനെ കൊലപ്പെടുത്തിയ കേസിലാണ് മകൻ അക്ഷയ് ദേവ്(28) പൊലീസ് പിടിയിലായത്.

തിങ്കളാഴ്ചയാണ് ദേവദാസിനെ പരിക്കേറ്റനിലയിൽ മകൻ ആശുപത്രിയിൽ എത്തിച്ചത്. കട്ടിലിൽനിന്ന് വീണ് അച്ഛന് പരിക്കേറ്റെന്നായിരുന്നു അക്ഷയ് ദേവ് ആശുപത്രിയിൽ പറഞ്ഞത്. ദേവദാസിന്റെ ദേഹത്ത് മർദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ഇദ്ദേഹം മരിച്ചതോടെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പിന്നീട് മകനെ വിശദമായി ചോദ്യംചെയ്തതോടെയാണ് അച്ഛനെ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.

അച്ഛനും മകനും തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നു്. ഇതേത്തുടർന്ന് മകൻ അച്ഛനെ മർദിക്കുകയും പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. മകന്റെ മർദനമാണ് മരണകാരണമായതെന്നും പൊലീസ് പറഞ്ഞു. അതേസമയം, പ്രതിയായ അക്ഷയ് ദേവ് ലഹരിക്കടിമയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

ദേവദാസിന്റെ അച്ഛൻ: പരേതനായ മാധവൻ നായർ (കമ്പൗണ്ടർ). അമ്മ: ജാനകി അമ്മ. ഭാര്യ: ബീന. മകൾ: അഞ്ജലി, മരുമകൻ: ദിദിൽ (ഡൽഹി). സഹോദരൻ: പരേതനായ ദേവപ്രസാദ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി എകരൂലിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.