മൂവാറ്റുപുഴ: റോഡിലിറങ്ങിയ വളർത്തുനായ മൂന്ന് കുട്ടികളെ അടക്കം ഒൻപതുപേരെ ആക്രമിച്ചു. ഏഴ് പേർക്ക് കടിയേറ്റു. മറ്റൊരു വളർത്തുനായയെയും വളർത്തുമൃഗങ്ങളെയും കടിച്ചുമുറിച്ചു. ഏറ്റുമാനൂരിൽനിന്നെത്തിയ നായപിടിത്തക്കാരൻ അഞ്ച് മണിക്കൂറിനു ശേഷം നായയെ വലയിലാക്കി.

മൂവാറ്റുപുഴ കിഴക്കേക്കര പാലക്കാട്ട് പുത്തൻപുരയിൽ നിയാസിന്റെ മകൾ നിഹ നിയാസ് (12), ആസാദ് റോഡ് തേലക്കൽ യഹിയ ഖാന്റെ മകൾ മിൻഹ (16), കീച്ചേരിപ്പടി പനയ്ക്കൽ അനസിന്റെ മകൻ മുഹമ്മദ് ഫൈസൽ (12), വാഴപ്പിള്ളി തൃക്ക തേക്കനാട്ട് രാജേഷിന്റെ മകൾ അഞ്ജന (21), ആട്ടായം ആര്യങ്കാല തണ്ടേൽ പരേതനായ ചന്ദ്രന്റെ മകൾ രേവതി (22), പേഴയ്ക്കാപ്പിള്ളി തച്ചേത്ത് ടി. ജയകുമാർ (60), കൊൽക്കത്ത മുർഷിദാബാദ് സ്വദേശി അബ്ദുൾ അലി (38) എന്നിവരെയാണ് നായ കടിച്ചത്. ഹരിത കർമ സേന ഗ്രീൻ ടെക്നീഷ്യൻ റാഫിയ അബ്ബാസ് (30), ഹരിത കർമസേന ഗ്രീൻ ടെക്നീഷ്യൻ പി. ആരതി എന്നിവർക്കു നേരേ നായയുടെ ആക്രമണം ഉണ്ടായെങ്കിലും ഇവർ കടിയേൽക്കാതെ രക്ഷപ്പെട്ടു.

ജനാർദനൻ എന്നയാളുടെ നായയാണ് അക്രമകാരിയായത്. വെള്ളൂർക്കുന്നം തൃക്ക ഭാഗത്ത് കരി ഓയിലും മറ്റും വേർതിരിക്കുന്ന സ്ഥാപനത്തിന്റെ വളപ്പിൽ മറ്റ് നായകൾക്കൊപ്പം കഴിഞ്ഞിരുന്ന നായയ്ക്ക് പേവിഷ ബാധയുണ്ടെന്നും സംശയമുണ്ട്. വ്യാഴാഴ്ച കാലത്ത് എട്ടോടെ ഹരിത കർമസേനാംഗങ്ങൾക്കൊപ്പം വെള്ളൂർക്കുന്നത്ത് മാലിന്യശേഖരണം പരിശോധിക്കാനെത്തിയ റാഫിയ അബ്ബാസിനെയാണ് നായ ആദ്യം ആക്രമിച്ചത്. പിന്നീട് റോഡിലിറങ്ങി മറ്റുള്ളവരെയും ആക്രമിക്കുകയായിരുന്നു.