- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആറുമക്കളും കൈയൊഴിഞ്ഞു: 90-കാരിക്ക് ഇനി അഭയം കരുണാലയം
ചെങ്ങന്നൂർ: ആറുമക്കളും കൈയൊഴിഞ്ഞ പുലിയൂർ കൊച്ചുകുന്നുപുറത്ത് വീട്ടിൽ ചെല്ലമ്മാൾ എന്ന 90-കാരിക്ക് കിടങ്ങന്നൂരിലെ കരുണാലയം അഭയം നൽകും. ചെങ്ങന്നൂരിലെ ആർ.ഡി.ഒ. ഓഫീസിലെത്തിക്കുമ്പോഴും രണ്ടാമത്തെ മകനെത്തി തന്നെ ഏറ്റെടുക്കുമെന്നായിരുന്നു ഈ അമ്മയുടെ പ്രതീക്ഷ. എന്നാൽ, ആരും വന്നില്ല. 74-കാരനായ മൂത്തമകന്റെ കൂടെയായിരുന്നു ഇതുവരെ.
ചെല്ലാമ്മാളുടെ ആറുമക്കളിൽ അഞ്ചുപേരും ആണുങ്ങളാണ്. ആർ.ഡി.ഒ.യുടെ സാന്നിധ്യത്തിൽ ഫെബ്രുവരിയിൽ നടന്ന അനുരഞ്ജനയോഗ തീരുമാനപ്രകാരം ഓരോമക്കളും രണ്ടുമാസംവീതം അമ്മയെ നോക്കാണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ, രണ്ടാമത്തെ മകൻ അതിനു തയ്യാറല്ല. മറ്റുമക്കളെ വിളിച്ചെങ്കിലും അമ്മയെ കൂട്ടിക്കൊണ്ടു പോകാൻ അവരും എത്തിയില്ല. അതോടെയാണ് ചെല്ലമ്മാളെ കരുണാലയത്തിലേക്കയച്ചത്.
ചെല്ലമ്മാളുടെ ഭർത്താവ് നാണപ്പൻ ആശാൻ നാലുപതിറ്റാണ്ടു മുൻപേ മരിച്ചു. ആകെയുണ്ടായിരുന്നത് വാഴൂരിൽ മൂന്നുസെന്റു സ്ഥലമായിരുന്നു. 15 വർഷം മുൻപ് അതുവിറ്റ് തുക മക്കൾക്കെല്ലാം വീതിച്ചു. കേൾവിശക്തി പൂർണമായും നഷ്ടപ്പെട്ട ചെല്ലമ്മാളിന് കാഴ്ചയ്ക്കും പ്രശ്‌നങ്ങളുണ്ട്. നടക്കാനും ബുദ്ധിമുട്ടുണ്ട്.
ആർ.ഡി.ഒ. ജി. നിർമൽകുമാർ, ജൂനിയർ സൂപ്രണ്ട് സുഭാഷ്, സൂപ്രണ്ട് സിന്ധുകുമാരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അമ്മയെ കരുണാലയത്തിലേക്കു കൊണ്ടുപോയത്. ദൈനംദിനാവശ്യങ്ങൾക്കായി മക്കളിൽനിന്ന് ഒരു തുക ചെല്ലമ്മാളുടെ അക്കൗണ്ടിലേക്കിടാൻ നടപടി സ്വീകരിക്കുമെന്ന് ആർ.ഡി.ഒ. പറഞ്ഞു.