കൊച്ചി: പാലാരിവട്ടം ചക്കരപറമ്പിൽ കെഎസ്ആർടിസി ബസുകൾക്കിടയിൽപ്പെട്ട് ബൈക്ക് യാത്രികരായ രണ്ടു പേർക്ക് ദാരുണാന്ത്യം. കെഎസ്ആർടിസി ബസുകൾക്കിടയിൽ ബൈക്ക് കുരുങ്ങുക ആയിരുന്നു. കൊച്ചി പാലാരിവട്ടം ചക്കരപ്പറമ്പിൽ ബൈപാസിലാണ് ദാരുണ സംഭവമുണ്ടായത്. മരിച്ച ബൈക്ക് യാത്രികരെ തിരിച്ചറിഞ്ഞിട്ടില്ല.

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഗരുഡ കെഎസ് ആർടിസി ബസിനും ചേർത്തലക്ക് പോകുകയായിരുന്ന ഓഡിനറി ബസിനും ഇടയിൽപ്പെട്ടാണ് അപകടമുണ്ടായത്. ബസ് ബ്രേക്ക് ഇട്ടെങ്കിലും നിർത്താനായില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഗരുഡ ബസിന് അടിയിൽപെട്ടുപോയ ബൈക്ക് യാത്രക്കാരെ ഫയർഫോഴ്‌സ് അധികൃതരെത്തി ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ട ഗരുഡ ബസിലുണ്ടായിരുന്ന 7 യാത്രിക്കാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് പൂർണമായും തകർന്ന നിലയിലാണ്.