- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാല് വർഷ ബിരുദ കോഴ്സുകൾ ഈ അധ്യയന വർഷം മുതൽ
തിരുവനന്തപുരം: സർവകലാശാലകളിൽ നാല് വർഷ ബിരുദ കോഴ്സുകൾ ഈ അധ്യയന വർഷം മുതൽ നടപ്പിലാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. ജൂലൈ ഒന്നിനാണ് നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ക്ലാസുകൾ ആരംഭിക്കുന്നത്. മെയ് 20നു മുൻപ് അപേക്ഷ ക്ഷണിക്കും. ജൂൺ 15നകം ട്രയൽ റാങ്ക് ലിസ്റ്റും അവസാന റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജൂൺ 20ന് പ്രവേശനം ആരംഭിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അടിസ്ഥാനപരമായ മാറ്റങ്ങൾ അടക്കം കരിക്കുലം തയ്യാറാക്കി കഴിഞ്ഞു. വിദ്യാർത്ഥികൾക്ക് അഭിരുച്ചിക്ക് അനുസരിച് കോഴ്സുകൾ തിരഞ്ഞെടുക്കാൻ സാധിക്കും. പുതിയ കാലത്തെ അക്കാദമിക കരിയർ താൽപര്യങ്ങൾക്കനുസരിച്ചു സ്വന്തം ബിരുദം രൂപകൽപന ചെയ്യാനാണ് പുതിയ പാഠ്യപദ്ധതി സൗകര്യമൊരുക്കുന്നതെന്നു മന്ത്രി പറഞ്ഞു. മൂന്നു വർഷം കഴിയുമ്പോൾ ബിരുദവും നാലാം വർഷം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ബിരുദം ലഭിക്കും. ഒന്നിലേറെ വിഷയങ്ങളിൽ താല്പര്യം ഉള്ള വിദ്യാർത്ഥികൾക്ക് അതനുസരിച്ചു വിഷയങ്ങൾ തിരഞ്ഞെടുക്കാം .
മിടുക്കരായ വിദ്യാർത്ഥികൾക്ക് രണ്ടര വർഷം കൊണ്ടുതന്നെ ബിരുദം പൂർത്തീകരിക്കാനുള്ള അവസരം ഉണ്ടാകും (എൻ മൈനസ് വൺ സംവിധാനം). ആവശ്യത്തിന് അനുസരിച് ക്രെഡിറ്റുകൾ നേടിയാൽ രണ്ടര വർഷം കൊണ്ട് ബിരുദം ലഭിക്കുന്ന സംവിധാനമാണിത്. റെഗുലർ കോളജ് പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയി കോഴ്സുകൾ ചെയ്യാനും അതിലൂടെ ആർജ്ജിക്കുന്ന ക്രെഡിറ്റുകൾ ബിരുദ/ഓണേഴ്സ് കോഴ്സ് പൂർത്തീകരിക്കാൻ ഉപയോഗപ്പെടുത്താനും സാധിക്കും.
നൈപുണ്യ വിടവ് നികത്തുന്നതിനായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹ്രസ്വകാല വ്യവസായ സംബന്ധിയായ കോഴ്സുകൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് അന്തർസർവകലാശാലാ മാറ്റത്തിനുള്ള അവസരവുമുണ്ടാകും.