- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃശ്ശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കസ്റ്റഡിയിൽ
തൃശ്ശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിൽ തൃശ്ശൂർ വിൽവട്ടം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് കൃഷ്ണകുമാറാണ് വിജിലൻസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ആർ.ഒ.ആർ. സർട്ടിഫിക്കറ്റ് ശരിയാക്കി നൽകാനായി 2000 രൂപയാണ് കൃഷ്ണകുമാർ ആവശ്യപ്പെട്ടത്. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു.
വില്ലേജ് ഓഫീസറുമായി സംസാരിച്ച് അദ്ദേഹത്തെ സ്വാധീനിച്ച് സർട്ടിഫിക്കറ്റ് വാങ്ങിനൽകാം എന്ന് പറഞ്ഞാണ് കൃഷ്ണകുമാർ പരാതിക്കാരനോട് പണം ആവശ്യപ്പെട്ടത്. കൃഷ്ണകുമാർ പണം ആവശ്യപ്പെട്ട സമയത്തുതന്നെ പരാതിക്കാരൻ വിജിലൻസുമായി ബന്ധപ്പെട്ടു. പിന്നാലെ വിജിലൻസ് സംഭവസ്ഥലത്തെത്തി.
പരാതിക്കാരൻ കൃഷ്ണകുമാറിന് പണം കൈമാറിയ ഉടൻ വിജിലൻസ് സംഘം ഓഫീസിനുള്ളിലേക്ക് എത്തുകയും പരാതിക്കാരൻ നൽകിയ പണത്തോടൊപ്പം കൃഷ്ണകുമാറിനെ കൈയോടെ കസ്റ്റഡിയിലെടുക്കുകയും ആയിരുന്നു. കൃഷ്ണകുമാറിന്റെ കൈയിൽനിന്ന് പിടിച്ചെടുത്ത പണം പരിശോധിച്ച് കൈക്കൂലിയാണെന്ന് ഉറപ്പിലായ ശേഷമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കൃഷ്ണകുമാർ ഇതിനുമുമ്പും കൈക്കൂലി വാങ്ങിയിരുന്ന ആളാണ് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലാകുന്നത്. അതിനെക്കുറിച്ചെല്ലാം വിശദമായി അന്വേഷിക്കും. ഇപ്പോൾ കൈക്കൂലി വാങ്ങിയതിന് തുടർനടപടികൾ ഉണ്ടാകുമെന്നും വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തൃശ്ശൂർ വിജിലൻസ് സംഘമാണ് കൃഷ്ണകുമാറിനെ കസ്റ്റഡിയിൽ എടുത്തത്.