തിരുവനന്തപുരം: പാറശ്ശാല പ്ലാമുട്ടുകടയിൽ കെട്ടിടനിർമ്മാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മാവിളക്കടവ്, കഞ്ചാംപഴിഞ്ഞി സ്വദേശി ഫ്രാൻസിസ് (55)ആണ് മരിച്ചത്. സൂര്യാഘാതമേറ്റാണ് മരണമെന്നാണ് നിഗമനം. ശരീരമാകെ പൊള്ളിയ നിലയിലായിരുന്നു. പ്ലാമൂട്ടുകടയിൽ കെട്ടിടനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കെയാണ് ഉച്ചക്ക് ഒന്നര മണിയോടെ അദ്ദേഹം കുഴഞ്ഞു വീണത്.

കടുത്ത ചൂടേറ്റ് ക്ഷീണിതനായ ഫ്രാൻസിസ് പണിസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മറ്റു തൊഴിലാളികൾ പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അതിർത്തി മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചൂട് കാരണം ഇടയ്ക്കിടെ വിശ്രമിച്ചാണ് ജോലി ചെയ്തിരുന്നതെന്ന് മറ്റ് തൊഴിലാളികൾ പറഞ്ഞു.

മൃതദേഹം പാറശ്ശാല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് ഡോക്ടർമാർ അറിയിച്ചു. ഭാര്യ: അനിത, മക്കൾ: ശരത്ത്, ശരൺ.