തിരുവനന്തപുരം: തലസ്ഥാനത്ത് യുവാവിനെ അതിക്രൂരമായി തലയ്ക്കടിച്ചുകൊന്നു. കരമനയിലാണ് സംഭവം. കാറിലെത്തിയ അജ്ഞാത സംഘമാണ് ആക്രമണം നടത്തിയത്. കരമന സ്വദേശി അഖിൽ (22) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കാറിലെത്തിയ സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്.

കമ്പിവടികൊണ്ട് തലയ്ക്കടിച്ച ശേഷം ശരീരത്തിൽ കല്ലെടുത്തിട്ടാണ് ആക്രമിച്ചത്. അക്രമികൾ ഹോളോബ്രിക്സ് അടക്കം കരുതിയിരുന്നു. ഹോളോബ്രിക്സുകൊണ്ട് തലയ്ക്കടക്കം അടിയേറ്റിറ്റുണ്ട്. തലയ്ക്കേറ്റ പരിക്കാണ് മരണകാരണം. തലയോട്ടി പിളർന്ന നിലയിലാണ് അഖിലിനെ ആശുപത്രിയിൽ എത്തിച്ചത്. മുൻകൂട്ടി ഗൂഢാലോചന ചെയ്തുള്ള കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞയാഴ്ച ബാറിൽവെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. ബാറിൽവെച്ച് അഖിലും കുറച്ചാളുകളുമായി തർക്കവും സംഘർഷവുമുണ്ടായിരുന്നു. മത്സ്യക്കച്ചടവം നടത്തിവരുന്ന ആളാണ് അഖിൽ. ആക്രമണം നടക്കുമ്പോൾ പരിസരത്ത് കുട്ടികളടക്കം ഉണ്ടായിരുന്നു. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി. ഇവരിലേക്ക് നയിക്കുന്ന സൂചനകളൊന്നും നിലവിൽ പൊലീസിന് ലഭിച്ചിട്ടില്ല. സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമം നടക്കുകയാണ്.