തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ കനത്തു. ശക്തമായ മഴ തന്നെ മിക്ക സ്ഥലങ്ങളിലും പെയ്തതോടെ മധ്യ കേരളത്തിൽ താപനിലയിൽ നേരിയ കുറവ് അനുഭവപ്പെട്ടു. പാലക്കാട് ജില്ലയിൽ വ്യാഴാഴ്ചയെ അപേക്ഷിച്ച് ഇന്നലെ ഏകദേശം 5 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറവാണു രേഖപ്പെടുത്തിയത്. എല്ലാ ജില്ലകളിലും തലേ ദിവസത്തെക്കാൾ ചൂട് കുറവാണ് ഇന്നലെ രേഖപ്പെടുത്തിയതെങ്കിലും വടക്കും തെക്കുമുള്ള ജില്ലകളിൽ വലിയ വ്യത്യാസം അനുഭവപ്പെട്ടില്ല.

ഇന്നലെ പുലർച്ചെ തന്നെ വടക്കൻ ജില്ലകളിൽ പല ഭാഗത്തും മഴ ലഭിച്ചു. വൈകിട്ടോടെ തെക്കൻ ജില്ലകളുടെ കിഴക്കൻ മേഖലയിലാണ് മഴ സജീവമായത്. പാലക്കാട്, മലപ്പുറം, കോട്ടയം, വയനാട് ജില്ലകളിലാണ് ഭേദപ്പെട്ട മഴ ലഭിച്ചത്. 12 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.

മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റും വീശിയേക്കാം. മഴ സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചു.