വയനാട്: കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു. നടവയൽ ചീരവയൽ പുലയംപറമ്പിൽ ബെന്നി (56) ആണ് മരിച്ചത്. മുറിവിൽ നിന്നുണ്ടായ അണുബാധയെ തുടർന്നാണ് മരണം. കഴിഞ്ഞയാഴ്ച പുലർച്ചെ ചീരവയലിലെ വീടിന് സമീപത്തെ നെൽപാടത്ത് ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെയാണ് ബെന്നിക്ക് പരിക്കേറ്റത്.

കൃഷിയിടത്തിൽനിന്നും ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ കാട്ടാന ബെന്നിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടെ കാട്ടുപന്നികൾ കൃഷിയിടത്തിലേക്ക് ഇറങ്ങാതിരിക്കാൻ ഒരുക്കിയ കമ്പിയിൽ തട്ടി തെറിച്ചുവീണു. അവിടെനിന്നും വീണ്ടും എഴുന്നേറ്റ് ഓടിയാണ് ബെന്നി കാട്ടാനയിൽനിന്നും രക്ഷപ്പെട്ടത്.

കമ്പി കൊണ്ട് ബെന്നിയുടെ കാലിന് സാരമായി മുറിവേറ്റിരുന്നു. ഇതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്. മുറിവിൽ നിന്നുണ്ടായ അണുബാധയാണ് മരണകാരണം എന്നാണ് ആശുപത്രിയിൽനിന്നും ലഭിക്കുന്ന വിവരം.

ഭാര്യ: മോളി (കാക്കവയൽ തൊട്ടിത്തറ കുടുംബാംഗമാണ്) മക്കൾ: അമല, അനില. മരുമക്കൾ: അജീഷ്, ജെയ്സൺ. പരേതരായ അലക്സിന്റെയും ഏലിയമ്മയുടെയും മകനാണ് ബെന്നി. സഹോദരങ്ങൾ: ബിനോയ്, ബിന്ദു. സംസ്‌കാരം ശനിയാഴ്ച രണ്ടിന് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദേവാലയ സെമിത്തേരിയിൽ.