- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്‌കൂളുകളിൽ ഒരുക്കങ്ങൾ പൂർത്തിയായോ? പരിശോധന 25 മുതൽ
മലപ്പുറം: ഇത്തവണ സ്‌കൂൾ അധ്യയന വർഷം ജൂൺ മൂന്നിന് ആരംഭിക്കും. സ്‌കൂൾ തുറക്കും മുമ്പ് ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയോ എന്ന് ഉറപ്പാക്കാൻ 25 മുതൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ സ്‌കൂളുകളിൽ നേരിട്ടെത്തി പരിശോധന നടത്തും. 30-നകം പരിശോധന പൂർത്തിയാക്കാനാണ് നിർദ്ദേശം. സ്‌കൂൾക്കെട്ടിടങ്ങളും പരിസരവും വൃത്തിയും വെടിപ്പുമുള്ളതാക്കണമെന്നും അറ്റകുറ്റപ്പണികൾ 27-നു മുമ്പ് തീർക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. സ്‌കൂൾകെട്ടിടത്തിന് തദ്ദേശസ്ഥാപനത്തിൽനിന്ന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ക്ലാസുകൾ നടത്താവൂ എന്നും കർശനനിർദേശമുണ്ട്.
സ്‌കൂളുകളിൽ വാർഷിക അക്കാദമിക് കലണ്ടർ തയ്യാറാക്കുകയും ഒന്നാംടേമിലേക്കുള്ള പഠനപ്രവർത്തനങ്ങൾ തീരുമാനിക്കുകയുംവേണം. പഠനത്തിന് തടസ്സം വരുന്നവിധം പരിപാടികളൊന്നും നടത്തരുതെന്നാണ് നിർദ്ദേശം. സ്‌കൂളിലെ ലാൻഡ്ലൈൻ ടെലിഫോൺ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും സ്‌കൂൾഗേറ്റിന് ഇരുവശവും റോഡിൽ സ്പീഡ് ബ്രേക്കറുകളോ ഹമ്പുകളോ സ്ഥാപിക്കണമെന്നുമുൾപ്പെടെയുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്.
സ്‌കൂളിലെ എല്ലാവിഭാഗങ്ങളെയും ഉൾപ്പെടുത്തി പ്രവേശനോത്സവം നടത്തണമെന്നും നിർദേശമുണ്ട്. എല്ലാ സ്‌കൂളുകളിലും സംസ്ഥാനതല ഉദ്ഘാടനപ്രക്ഷേപണം തത്സമയം പ്രദർശിപ്പിക്കണം. അതിനുശേഷമാകണം സ്‌കൂൾതല പ്രവേശനോത്സവവും ജില്ലാതല പ്രവേശനോത്സവവും നടത്തേണ്ടത്. കുട്ടികളുടെ യാത്രാവേളകളിൽ റോഡ്, റെയിൽവേ ലൈൻ എന്നിവ ക്രോസ് ചെയ്യുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ, ജലഗതാഗതം ഉപേയാഗിക്കുന്ന കുട്ടികളുടെ സുരക്ഷ തുടങ്ങിയ കാര്യങ്ങൾ സ്‌കൂൾതലത്തിൽ അവലോകനംചെയ്ത് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
വ്യത്യസ്തനിലകളിലുള്ള പഠനാനുഭവങ്ങൾ കുട്ടികൾക്ക് ഉണ്ടാകുന്നതിനുവേണ്ടി ഓരോ കുട്ടിക്കും ഉപകാരപ്പെടുന്ന തരത്തിൽ പഠനവിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഓരോ സ്‌കൂളിലും ഒരുക്കേണ്ടതാണ്. ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുകയും അവർക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളും പഠനാന്തരീക്ഷവും ഉറപ്പുവരുത്തുകയും വേണം.