രാജപുരം: കാൻസർ രോഗം ശരീരത്തെ വരിഞ്ഞു മുറുക്കിയിട്ടും തോറ്റു കൊടുക്കാൻ മാരിറ്റ് തങ്കച്ചൻ എന്ന കൊച്ചുമിടുക്കി തയ്യാറായിരുന്നില്ല. കാൻസർ ശരീരത്തിന് നൽകിയ തളർച്ചയിൽ പതറാതെ പഠിച്ചു മുന്നേറാൻ തന്നെയായിരുന്നു മാരിറ്റിന്റെ തീരുമാനം. അദ്ധ്യാപകരുടെയും സഹപാഠികളുടെയും സഹായത്തോടെ മാരിറ്റ് പ്ലസ്ടു പഠനം വീട്ടിലിരുന്നു പൂർത്തിയാക്കി.

റിസൾട്ട് വന്നപ്പോൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്. മൂന്ന് വിഷയങ്ങളിൽ മുഴുവൻ മാർക്കും ലഭിച്ചു. തോമാപുരം ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ്ടു സയൻസ് വിദ്യാർത്ഥിയാണ് മാരിറ്റ്. 2021ൽ പ്ലസ് വൺ മോഡൽ പരീക്ഷ സമയത്താണ് ബ്ലഡ് കാൻസർ സ്ഥിരീകരിക്കുന്നത്. തുടർന്ന് പരീക്ഷ എഴുതാനായില്ല.

2023ലാണ് പ്ലസ് വൺ പരീക്ഷ എഴുതിയത്. ചികിത്സ മൂലം പ്ലസ്ടുവിനു പൂർണമായും സ്‌കൂളിൽ പോകാനായില്ലെന്നു മാരിറ്റ് പറയുന്നു. അദ്ധ്യാപകർ സ്റ്റഡി മെറ്റീരിയൽ വീട്ടിലെത്തിച്ചു. പ്രിൻസിപ്പലും പൂർണ പിന്തുണ നൽകി. ഓൺലൈൻ ക്ലാസിനെയും ആശ്രയിച്ചു. പരീക്ഷ സമയത്ത് ശരീരം തളരരുത് എന്ന പ്രാർത്ഥനയായിരുന്നെന്ന് മാരിറ്റ് പറയുന്നു. പാലച്ചാലിലെ ചാന്തുരുത്തിൽ തങ്കച്ചന്റെയും ജെസിയുടെയും മകളാണ്.