കണ്ണൂർ :ചെറുകുന്ന് ഗ്രാമത്തിൽ വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. തളിപ്പറമ്പ് ടൗണിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. നിർത്തിയിട്ട കറുമായി കൂട്ടിയിടിച്ച് ചെറുകുന്ന് സ്വദേശികളായ രണ്ട് യുവാക്കളാണ് അതി ദാരുണമായി മരിച്ചത്. സംഭവത്തിൽ കണ്ണപുരം പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.

ചെറുകുന്ന് ക്രിസ്തുക്കുന്നിലെ ജോയൽ ജോസഫ് (23), പാടിയിലെ ജോമോൻ ഡൊമിനിക്ക്(23) എന്നിവരാണ് മരിച്ചത്. ശനിയാഴ്‌ച്ച പുലർച്ചെ ഒന്നരയോടെ തളിപ്പറമ്പ് ആലിങ്കീൽ തിയേറ്ററിന് സമീപമായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് നിർത്തിയിട്ട സ്വിഫ്റ്റ് കാറിൽ ഇടിക്കുകയായിരുന്നു. കണ്ണപുരം പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

എന്നാൽ അമിതവേഗതയിൽ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടതാണ് തളിപ്പറമ്പിൽ നടന്ന ബൈക്കപകടത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ദേശീയപാതയോരത്ത് നിർത്തിയിട്ട കെ.എൽ-65 എസ്-5828 മാരുതി സ്വിഫ്റ്റ് കാറിന്റെ പിറകിലാണ് യുവാക്കൾ സഞ്ചരിച്ച കെ.എൽ-13 എ യു 1042 ബൈക്ക് ഇടിച്ചുകയറിയത്.

ഇവർ കുപ്പം ഭാഗത്തുനിന്നും തളിപ്പറമ്പ് ടൗൺ ഭാഗത്തേക്ക് അമിതവേഗതയിൽ വരികയായിരുന്നു. കാറിന് പിന്നിലിടിച്ചു തെറിച്ചു വീണ യുവാക്കൾ തൽക്ഷണം തന്നെ മരിച്ചുവെന്നാണ് പൊലിസ് നൽകുന്ന വിവരം. പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

അപകടത്തെ തുടർന്ന് റോഡിൽ തളം കെട്ടിക്കിടന്ന രക്തം തളിപ്പറമ്പ് ഫയർഫോഴ്സ് എത്തിയാണ് റോഡിൽ നിന്ന് കഴുകി മാറ്റിയത്. കണ്ണൂർ ജില്ലയിൽ കഴിഞ്ഞ ഒരാഴ്‌ച്ചയ്ക്കിടെ നിരവധിയാളുകളാണ് വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ടത്.