കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവും ജീവനക്കാരുടെ ഗുണ്ടായിസവും കാരണം ഇതര സംസ്ഥാന തൊഴിലാളി അതി ദാരുണമായി മരിച്ചുവെന്ന പരാതി അന്വേഷിക്കുമെന്ന് ആശുപത്രിയുടെ ചുമതലയുള്ള കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ തീരുമാനം.
കണ്ണൂർ ജില്ലാ ആശുപത്രി പരിസരത്ത് ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞു വീണു മരിച്ചത് ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് ജില്ലാആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം ആവശ്യപ്പട്ടതെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ കണ്ണൂരിൽ മാധ്യമ പ്രവർത്തകരെ അറിയിച്ചു.

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ അവശനിലയിൽ കണ്ടെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ പൊലിസ് അറിയിച്ചതു പ്രകാരം ' ഫയർ ഫോഴ്‌സാണ് വെള്ളിയാഴ്‌ച്ച രാവിലെ 10 മണിയോടെ ആശുപത്രിയിലേക്കു കൊണ്ടുവന്നത്. ഇയാൾക്ക് ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ നൽകിയിരുന്നു. നില ഗുരുതരമായതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലേക്ക് കൊണ്ടു പോകാനോ ആവശ്യമായ ചികിത്സ നൽകാനോ കഴിഞ്ഞില്ലെന്നും ഇക്കാര്യം അന്വേഷിക്കുന്നതിനാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്നും പി.പി. ദിവ്യ പറഞ്ഞു.

എന്നാൽ ജില്ലാ ആശുപത്രി അധികൃതർ മതിയായ ചികിത്സ നൽകാത്തതാണ് മരണത്തിന് കാരണമെന്ന് സംഭവത്തിന് ദൃക്സാക്ഷികളായ ആംബൂലൻസ് ഡ്രൈവർമാർ പറയുന്നു. ആശുപത്രി സെക്യൂരിറ്റിക്കാർ ഇയാളെ ബലം പ്രയോഗിച്ചു തള്ളി പുറത്താക്കിയതിനു ശേഷം ഗേറ്റ് അടച്ചതായും ഇവർ പറയുന്നു.

വെള്ളിയാഴ്‌ച്ച രാവിലെ കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് റോഡരുകിൽ വീണ് കിടന്ന ഇതര സംസ്ഥാന തൊഴിലാളിയെ ഫയർ ഫോഴ്സ് കാരാണ് ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഇയാളെ പിന്നീട് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരും ആശുപത്രി ജീവനക്കാരും ചേർന്ന് ബല പ്രയോഗത്തിലൂടെ ആശുപത്രിയിൽ നിന്നും ഇറക്കി വിടുകയായിരുന്നുവെന്ന് ആംബുലൻസ് ഡ്രൈവർമാർ പറഞ്ഞു. അസഹ്യമായ വേദനകാരണം നടക്കാൻ പോലും സാധിക്കാത്ത ഇയാളെ തള്ളി പറഞ്ഞു അയക്കുന്നത്കണ്ട ആംബുലൻസ് ഡ്രൈവർമാർ ചികിൽസ നൽകാത്തതിനെ കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്നും മതിയായ വിവരം നൽകാൻ തയ്യാറായില്ല. ഇയാൾ വൈകീട്ടോടെയാണ് ആതുര ശുശ്രൂഷാ കേന്ദ്രത്തിന് സമീപം വെച്ച് മരണപ്പെടുകയായിരുന്നു.

രോഗി മരണപ്പെട്ട വിവരം അറിഞ്ഞ് ആശുപത്രി പരിസരത്ത് എത്തിയ മാധ്യമ പ്രവർത്തകരോട് ആശുപത്രി അധികൃതർ പറഞ്ഞത്. ഇയാളെ പരിയാരത്തേക്ക് റഫർ ചെയ്തുവെന്നായിരുന്നു.എന്നാൽ ആരും തുണയില്ലാത്ത ഇയാളെ പരിയാരത്ത് എത്തിക്കാൻ ആംബുലൻസ് സംവിധാനം ഏർപ്പെടുത്താൻ അധികൃതർ തയ്യാറായില്ല, 108 ആംബുലൻസിനെ വിളിച്ചപ്പോൾ ഓട്ടത്തിലാണെന്നായിരുന്നു മറുപടി. അതേ സമയം ജില്ലാ ആശുപത്രിയുടെ രണ്ട് ആംബുലൻസ് ആശുപത്രി പരിസരത്ത് ഉണ്ടായിട്ടും ആ വണ്ടി ഉപയോഗിക്കാൻ തയ്യാറായില്ല. അതേ സമയം ചില സന്നദ്ധ സംഘടനകളുടെ ആംബുലൻസും ഇവിടെയുണ്ടായിരുന്നു അവരെ അറിയിക്കാൻ പോലും ആശുപത്രി അധികൃതർ തയ്യാറായില്ലെന്നാണ് ആംബുലൻസ് ഡ്രൈവർ പറയുന്നത്.ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നും ഇവർആരോപിച്ചു. സംഭവം മാധ്യമങ്ങളിൽ വൻ വിവാദമായതിനെ തുടർന്നാണ് ജില്ലാ പഞ്ചായത്ത് സംഭവത്തിൽ അന്വേഷണമാരംഭിച്ചത്. നേരത്തെയും കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിക്കപ്പെട്ടു നിരവധിയാളുകൾ മരണമടഞ്ഞിരുന്നു. ഈ അനാസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ്.