കൊച്ചി: ആലുവയിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് നാൽപ്പത് പവൻ സ്വർണ്ണവും രണ്ട് ലക്ഷം രൂപയും കവർന്ന സംഭവത്തിൽ യുവതി അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അണ്ടൂർക്കോണം സ്വദേശി നസീർ, കൊല്ലം പുനലൂർ സ്വദേശി റജീന, തൊളിക്കോട് സ്വദേശി ഷഫീക്ക് എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കവർച്ച ചെയ്ത സ്വർണ്ണവും പ്രതികളിൽ നിന്ന് പൊലീസ് കണ്ടെത്തി

പ്രതിയായ നസീറുമായി ഗൾഫിൽ വെച്ചുണ്ടായ പരിചയത്തിന്റെ പേരിൽ നാട്ടിലെത്തിയപ്പോൾ ജോലി കൊടുത്തതാണ് പ്രവാസിക്ക് പാരയായത്. ആലുവ തോട്ടുമുഖത്തെ പ്രവാസിയുടെ വീട്ടിൽ കഴിഞ്ഞ നോമ്പ് കാലത്തായിരുന്നു കവർച്ച നടന്നത്. കവർച്ച നടന്ന വീടിനോട് ചേർന്ന് ഇതേ പ്രവാസിയുടെ ഉടമസ്ഥതയിൽ ഒരു അച്ചാർ കമ്പനി പ്രവർത്തിച്ചിരുന്നു. ഇവിടുത്തെ ജീവനക്കാരനാണ് പ്രതിയായ നസീർ. പിടിയിലായ മറ്റു രണ്ടു പേർ ഇയാളുടെ സുഹൃത്തുക്കളുമാണ്. നേരത്തെ ഗൾഫിൽ ഉണ്ടായിരുന്നപ്പോൾ അവിടെ വെച്ചുള്ള പരിചയത്തിന്റെ പേരിലാണ് പ്രവാസി, നസീറിന് തന്റെ അച്ചാർ കമ്പനിയിൽ ജോലി നൽകിയത്.

കമ്പനിയിൽ ജോലി ചെയ്തു വരവെ ഏപ്രിൽ ഒന്നാം തീയതി നോമ്പുതുറക്കാനായി നസീറിനെ മുൻ പരിചയത്തിന്റെ പേരില് വീട്ടിലേക്ക് വിളിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് പണവും, ആഭരണങ്ങളും കാണാതായത്. കവർച്ചയ്ക്ക് പിന്നാലെ നസീർ ഫോൺ ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. ആലുവ സിഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം ദിവസങ്ങളോളം പ്രതിയെ നീരീക്ഷിച്ച ശേഷമാണ് പിടികൂടിയത്.

നസീർ കവർച്ച ചെയ്ത സ്വർണം വിൽക്കാൻ സഹായിച്ചവരാണ് റജീനയും, ഷഫീക്കും. മോഷണ മുതലുകൾ ഉപയോഗിച്ച് ഇവർ ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. മൂന്ന് പേരിൽ നിന്നുമായി മോഷണ മുതലുകൾ പൊലീസ് കണ്ടെടുത്തു. നസീറിനെതിരെ തിരുവനന്തപുരം ജില്ലയിൽ വേറെയും കേസുകളുണ്ട് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.