കമ്പം: കാൻസർ ബാധിച്ചു മരിച്ച അമ്മയുടെ ഓർമ്മയ്ക്കായി ക്ഷേത്രം നിർമ്മിച്ച് ഒരു മകൻ. മൂവാറ്റുപുഴ സബീൻ ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്ററിലെ ഡോക്ടർമാരായ ജഗന്തും ഭാര്യ മഹാലക്ഷ്മിയുമാണ് തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ചുരുളിപ്പെട്ടിയിലൽ അമ്മയുടെ പേരിൽ ക്ഷേത്രം നിർമ്മിച്ചത്. ഒരേക്കർ സ്ഥലത്ത് 85 അടി ഉയരത്തിലാണ് ജഗന്ത് അമ്മയ്ക്കായി ക്ഷേത്രം ഒരുക്കിയത്.

ഇന്ന് മാതൃദിനത്തിൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ചുരുളിപ്പെട്ടി സ്വദേശിയാണ് ഡോ. ജഗന്ത് ജയരാജ്. 2013 ലാണ് ഡോ. ജഗന്തിന്റെ അമ്മ ജയമീന കാൻസർ ബാധയെ തുടർന്ന് മരിച്ചത്. എന്താവശ്യമുണ്ടെങ്കിലും തന്നെ വിളിച്ചാൽ മതിയെന്നു മരണസമയത്ത് അമ്മ നൽകിയ ഉറപ്പാണ് ക്ഷേത്രം എന്ന ആശയത്തിലേക്ക് എത്തിച്ചതെന്നു ഡോ. ജഗന്ത് പറയുന്നു.

ശക്തിമിക അണ്ണെ ശ്രീ ജയമീനാ തിരുക്കോവിൽ എന്നാണു ക്ഷേത്രത്തിനു പേരിട്ടിരിക്കുന്നത്. ജയമീനയുടെ രൂപമാണ് പ്രതിഷ്ഠ. രക്താർബുദത്തിന്റെ പിടിയിലാകുന്ന കുഞ്ഞുങ്ങൾക്കു ചികിത്സാസഹായം നൽകാനും ഡോക്ടർക്കു പദ്ധതിയുണ്ട്. കഴിഞ്ഞ വനിതാദിനത്തിൽ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നു.