- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശബരിമല ഇടവമാസ പൂജ; 100 ബസുകൾ അനുവദിച്ച് കെഎസ്ആർടിസി
പത്തനംതിട്ട: ശബരിമല ഇടവമാസ പൂജയ്ക്ക് സ്‌പെഷൽ സർവീസായി കെഎസ്ആർടിസി 100 ബസുകൾ അനുവദിച്ചു. ഇതിൽ 50 ബസ് പമ്പനിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസിനാണ്. ചെങ്ങന്നൂർ 30, പത്തനംതിട്ട 15, കുമളി 5 ബസുകളും അനുവദിച്ചിട്ടുണ്ട്. പമ്പയിലേക്കുള്ള പ്രധാന സർവീസ് ചെങ്ങന്നൂർ, പത്തനംതിട്ട ഡിപ്പോകളിൽ നിന്നാണ്. ട്രെയിൻ വരുന്നതിന് അനുസരിച്ച് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ചെങ്ങന്നൂർ പമ്പ സർവീസുകൾ പുറപ്പെടുന്നത്. അതേപോലെ പമ്പയിൽ നിന്നു ചെങ്ങന്നൂരിനുള്ള എല്ലാ ബസുകളും റെയിൽവേ സ്റ്റേഷൻ വരെ സർവീസ് നടത്തും.
ഇടവമാസ പൂജയ്ക്കായി 14ന് വൈകിട്ട് 5ന് ശബരിമല ക്ഷേത്രനട തുറക്കും. 15 മുതൽ 19 വരെ പൂജകൾ ഉണ്ട്. പ്രതിഷ്ഠാദിനം ഇത്തവണ 19ന് ആണ്. അതിനാൽ ഇടവമാസ പൂജയ്ക്ക് പ്രത്യേകത ഏറെയുണ്ട്. കൂടുതൽ തീർത്ഥാടകർ എത്തുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആർടിസി. പത്തനംതിട്ട ഡിപ്പോയ്ക്ക് ലഭിച്ച 15 ബസുകൾ പത്തനംതിട്ട പമ്പ റൂട്ടിൽ ദീർഘദൂര സർവീസ് നടത്തും. കുമളിക്ക് അനുവദിച്ച 5 ബസ് കുമളി പമ്പ റൂട്ടിൽ സർവീസ് നടത്തും. തീർത്ഥാടകരുടെ തിരക്ക് കൂടുന്നതിന് അനുസരിച്ച് പമ്പയിൽ നിന്ന് ആവശ്യത്തിനു ബസുകൾ ദീർഘദൂര സർവീസ് നടത്തും.
പമ്പയിലെ ഹിൽടോപ്, ചക്കുപാലം എന്നിവിടങ്ങളിൽ തീർത്ഥാടകരുടെ വാഹനങ്ങൾക്ക് താൽക്കാലിക പാർക്കിങ് അനുവദിക്കാനുള്ള ഹൈക്കോടതി ഉത്തരവ് കെഎസ്ആർടിസിയുടെ പമ്പനിലയ്ക്കൽ ചെയിൻ സർവീസിനെ ബാധിക്കുമോ എന്ന ആശങ്കയും അവർക്കുണ്ട്. അതിൽ കാര്യമില്ലെന്നാണു തീർത്ഥാടക സംഘങ്ങളുടെ വിലയിരുത്തൽ. വിഷു പൂജയുടെ വേളയിൽ ചാലക്കയം പമ്പ റോഡിൽ തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്കു ചെയ്തു. എന്നിട്ടും കെഎസ്ആർടിസിയിൽ തിരക്ക് കുറവില്ലായിരുന്നു.