- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്ലസ് ടു കോപ്പിയടി; 112 വിദ്യാർത്ഥികളുടെ എല്ലാ പരീക്ഷകളുടെയും ഫലം റദ്ദാക്കി
തിരുവനന്തപുരം: മാർച്ചിൽ നടന്ന പ്ലസ് ടു പരീക്ഷയിൽ കോപ്പിയടിച്ച 112 വിദ്യാർത്ഥികളുടെ എല്ലാ പരീക്ഷകളുടെയും ഫലം റദ്ദാക്കി. ഇവരുടെ മാപ്പപേക്ഷ പരിഗണിച്ച്, അടുത്ത മാസം നടക്കുന്ന സേവ് എ ഇയർ (സേ) പരീക്ഷയിൽ പങ്കെടുക്കാൻ അവസരം നൽകുമെന്ന് ഹയർ സെക്കൻഡറി പരീക്ഷാ ബോർഡ് വ്യക്തമാക്കി. ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ ഇതിനുള്ള നടപടി സ്വീകരിക്കണം.
വിദ്യാർത്ഥികളെയും പരീക്ഷാ ഡ്യൂട്ടിയുണ്ടായിരുന്ന അദ്ധ്യാപകരെയും തിരുവനന്തപുരത്ത് ഹയർ സെക്കൻഡറി ആസ്ഥാനത്തു വിളിച്ചുവരുത്തി നടത്തിയ ഹിയറിങ്ങിനെ തുടർന്നാണു നടപടി. കാസർകോട് മുതലുള്ള വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും തിരുവനന്തപുരത്തേക്കു വരുത്തിയുള്ള തെളിവെടുപ്പിനെതിരെ പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ജില്ലകളിലെ ആർഡിഡി ഓഫിസുകളിൽ ഹിയറിങ് നടത്താമെന്നിരിക്കെ കുട്ടികളെയും രക്ഷിതാക്കളെയും അദ്ധ്യാപകരെയും ബുദ്ധിമുട്ടിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതുമായ നടപടിയാണിതെന്നാണു പരാതി.
ഭരണപക്ഷ അദ്ധ്യാപക സംഘടനയിൽപെട്ട അദ്ധ്യാപകരെ ശിക്ഷാ നടപടികളിൽ നിന്ന് ഒഴിവാക്കിയുള്ള ഏകപക്ഷീയ രീതിയാണ് പരീക്ഷാ സെക്രട്ടറി സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നു.