കണ്ണൂർ: മയക്കുമരുന്നുമായ മെത്താംഫറ്റമിൻ കടത്തിയ കേസിൽ രണ്ടുപേർക്ക് പത്തു വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. വടകര വല്യാപ്പള്ളി സ്വദേശികളായ കോറോത്ത് കുനിയിൽ വീട്ടിൽ കെ.കെ. നൗഫൽ (37), പനയുള്ളതിൽ വീട്ടിൽ പി. മുഹമ്മദ് ജുനൈദ് (39) എന്നിവർക്കാണ് വടകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ജാമ്യം അനുവദിക്കാതെ വിചാരണ ചെയ്താണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം.

2022-ലാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വഡ് ഇൻസ്പെക്ടർ ജിജിൽ കുമാറും സംഘവുമാണ് പ്രതികളെ പിടിച്ചത്. ബെംഗളൂരുവിൽനിന്ന് ബസിൽ കണ്ണൂരിലേക്ക് കടത്തിയ മയക്കുമരുന്നാണ് പിടിച്ചത്. കണ്ണൂർ അസി. എക്സൈസ് കമ്മിഷണറായിരുന്ന ടി. രാഗേഷും എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദനനും അന്വേഷണം നടത്തി. കണ്ണൂർ അസി. എക്സൈസ് കമ്മിഷണർ പി.എൽ. ഷിബുവാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വി.കെ. ജോർജ് ഹാജരായി.