- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്ത്രീക്കും പുരുഷനും അഭിമാനം ഒരുപോലെയെന്ന് കോടതി
ബെംഗളൂരു: പുരുഷനും സ്ത്രീക്കും അഭിമാനം ഒരുപോലെയാണെന്ന് ബെംഗളൂരുവിലെ കോടതി. യുവാവിനെ നഗ്‌നനാക്കി വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ബെംഗളൂരുവിലെ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീയുൾപ്പെടെ മൂന്നു പ്രതികളാണ് ജാമ്യഹർജി നൽകിയത്.
പുരുഷന്റെയും സ്ത്രീയുടെയും ശരീരം എല്ലായ്‌പ്പോഴും പവിത്രമായിട്ടാണ് കണക്കാക്കുന്നതെന്നും ശാരീരിക മുറിവുകളേക്കാൾ കഠിനമാണ് മാനസിക മുറിവുകളെന്നും ജഡ്ജി മുംതാസ് പറഞ്ഞു. കേസിന്റെ അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണെന്നും ജാമ്യംഅനുവദിച്ചാൽ പ്രതികൾ തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും ജഡ്ജി പറഞ്ഞു. യുവാവിനെ നഗ്‌നനാക്കി വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് മാനം കാക്കാൻ യുവാവ് കോടതിയെ സമീപിച്ചത്. നഗ്‌നവീഡിയോ പരസ്യമാക്കുന്നത് മനസ്സിൽ മായാത്ത മുറിവുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.
ഏപ്രിൽ 21-നാണ് കേസിനാസ്പദമായ സംഭവം. പ്രതികളിലൊരാളായ യുവതി സുഹൃത്തായ യുവാവിനെ ജെ.പി. നഗറിലെ പബ്ബിലേക്ക് ക്ഷണിച്ചത്. രാത്രി 11-ഓടെ യുവാവെത്തി. തുടർന്ന് യുവതിക്കും രണ്ട് ആൺ സുഹൃത്തുക്കൾക്കുമൊപ്പം പുലർച്ചെ രണ്ടുവരെ പബ്ബിൽ ചെലവഴിച്ചു. ഇതിനിടെ പ്രതികളിലൊരാൾ യുവാവിന്റെ സ്‌കൂട്ടറിന്റെ താക്കോൽ കൈക്കലാക്കി. തുടർന്ന് യുവാവിനെ പ്രതികളുടെ കാറിൽ കയറ്റി കെങ്കേരിയിലെ ഒരു അപ്പാർട്ട്മെന്റിൽ കൊണ്ടുപോയി.
യുവതിക്ക് കൊടുക്കാനുള്ള പണം തിരികെ കൊടുക്കണമെന്നാവശ്യപ്പെട്ട് ഉപദ്രവിച്ചു. പിന്നീട് യുവാവിനെ സൊന്നെനഹള്ളിയിൽ പ്രതികളിലൊരാളുടെ താമസസ്ഥലത്തുകൊണ്ടുപോയി നഗ്‌നനാക്കി വീഡിയോ ചിത്രീകരിക്കുകയായിരുന്നു. തുടർന്ന് പണംആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. മെയ് അഞ്ചിനകം പണംതന്നില്ലെങ്കിൽ സുഹൃത്തുക്കൾക്ക് വീഡിയോ അയച്ചു കൊടുക്കുമെന്നൊയിരുന്നു ഭീഷണി. എന്നാൽ, തൊട്ടടുത്ത ദിവസം യുവാവ് പുട്ടെനഹള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു.