കണ്ണൂർ : അങ്കൺവാടി കുട്ടിക്ക് പൊള്ളലേറ്റ സംഭവത്തിൽ ഹെൽപ്പർക്കെതിരെ പൊലിസ് കേസെടുത്തു. ചൂടുപാൽ അശ്രദ്ധമായി കൈകാര്യം ചെയ്തു കുട്ടിക്ക് പൊള്ളൽ ഏൽക്കാനിടയായ സംഭവത്തിലാണ് കോളാട് അങ്കണവാടിയിലെ ഹെൽപ്പർ വി. ഷീബയ്‌ക്കെതിരെ പിണറായി പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്.

രക്ഷിതാക്കളുടെ പരാതിയിൽ പൊലിസ് നടത്തിയ അന്വേഷണത്തിൽ അങ്കൺവാടി ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്‌ച്ച സംഭവിച്ചതായി അഡീഷനൽ ശിശുവികസനപദ്ധതി ഓഫീസർ ബിജി തങ്കപ്പൻ പറഞ്ഞു. കോളാട് അങ്കൺവാടി വിദ്യാർത്ഥി ബിസ്മിലയിൽ മുഹമ്മദ് ഷിയാനാണ് കഴിഞ്ഞ ദിവസം പൊള്ളലേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലുള്ള അഞ്ചു വയസുകാരൻ അപകട നില തരണം ചെയ്തിട്ടുണ്ട്.