കോഴിക്കോട്: ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾക്ക് നീർനായകളുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.സമീപത്തെ ഗ്രൗണ്ടിലെ കളി കഴിഞ്ഞ ശേഷം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾക്കാണ് നീർനായകളുടെ കടിയേറ്റത്.

ഇരുവഴിഞ്ഞിപ്പുഴയിലെ വെസ്റ്റ് കൊടിയത്തൂർ പുതിയോട്ടിൽ കടവിൽ കുളിക്കാനിറങ്ങിയ ഇരുപതോളം കുട്ടികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതിൽ കലങ്ങോട്ട് അനീസിന്റെ മകൻ ഹാദി ഹസൻ (14), ആശാരിക്കണ്ടി യൂനുസിന്റെ മകൻ അബ്ദുൽ ഹാദി (14), ചുങ്കത്ത് ശമീറിന്റെ മകൻ മുഹമ്മദ് ഷാദിൻ (14) എന്നിവർക്കാണ് കടിയേറ്റത്. മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് നീർനായകൾ കൂട്ടമായി എത്തി കടിക്കുകയായിരുന്നുവെന്ന് കുട്ടികൾ പറഞ്ഞു.

മുൻപും ഇരുവഴിഞ്ഞിപ്പുഴയിൽ നിരവധി തവണ നീർനായകളുടെ ആക്രമണമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ നീർനായയുടെ ആക്രമണത്തിൽ രണ്ടു വിദ്യാർത്ഥികൾക്ക് പരുക്കേറ്റിരുന്നു. തുടർച്ചയായ നീർനായ ആക്രമണത്തിൽ പുഴയോരത്ത് താമസിക്കുന്നവർ ആശങ്കയിലാണ്. നീർനായ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പുഴയിലെ നീർനായക്കളുടെ ആക്രമണ സ്വഭാവം ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റമാണെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞിരുന്നത്. സാധാരണ നീർനായക്കൾ ആക്രമണം നടത്താറില്ല. ചൂടു കൂടുന്നതും മത്സ്യ സമ്പത്ത് കുറയുന്നതുമാണ് ഇവരെ അക്രമകാരികളാക്കുന്നതെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.