തൃശൂർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ജയിൽപുള്ളികളെ കിടത്തി ചികിത്സിക്കുന്ന പ്രിസണേഴ്‌സ് വാർഡിലേക്കു ബീഡി കടത്തിയത് ചോദ്യംചെയ്ത പൊലീസുകാരന് മർദനം. രാമവർമപുരം എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ സി.നിതീഷിനാണു മർദനമേറ്റത്. സംഭവത്തിൽ വാർഡിൽ ചികിത്സയിൽ കഴിയുന്ന റിമാൻഡ് പ്രതിയുടെ ബന്ധു അടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി 11ന് ആയിരുന്നു സംഭവം. ഗാർഹിക പീഡനക്കേസിൽ അറസ്റ്റിലായി വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന സിദ്ദിഖ് എന്ന തടവുകാരനെ കഴിഞ്ഞ ദിവസം ആശുപത്രി വാർഡിലേക്കു മാറ്റിയിരുന്നു. പ്രതിയുടെ അനന്തരവൻ മുഹമ്മദ് മഹറൂഫ് (30), സുഹൃത്തുക്കളായ സജി (56), ഹരിദാസ് (59) എന്നിവർ പുറമേനിന്നു ഭക്ഷണം വാങ്ങി നൽകാനെത്തി. കവറിനുള്ളിൽ ഒളിപ്പിച്ചുവച്ച ബീഡി കണ്ടെത്തിയതു ചോദ്യം ചെയ്തതോടെയാണു മൂവർ സംഘം മർദിച്ചത്. മെഡിക്കൽ കോളജ് പൊലീസ് മൂവരെയും പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.