കൊല്ലം: യു.എസ്.ഷിപ്പിങ് കമ്പനിയിൽ ജോലി വാഗ്ദാനംചെയ്ത് ആറന്മുള സ്വദേശിനിയിൽനിന്ന് ലക്ഷങ്ങൾ തട്ടെയെടുത്ത മഹാരാഷ്ട്ര സ്വദേശിയെ കൊല്ലം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതിയായ മഹാരാഷ്ട്ര നല്ലസോപ്പാറ സ്വദേശി രമേശ് നവരങ്ക് യാദവാണ് പിടിയിലായത്.

ആറന്മുള സ്വദേശിനിയായ യുവതി ജോലിക്കായി ഒരു വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തിരുന്നു. ഈ സൈറ്റിൽ നിന്നും യുവതിയുടെ വിവരങ്ങൾ മനസ്സിലാക്കിയ തട്ടിപ്പു സംഘം യു.എസ്.ഷിപ്പിങ് കമ്പനിയിൽ ജോലി നൽകാമെന്നുപറഞ്ഞ് യുവതിയെ സമീപിച്ചു. ജോലി ലഭിക്കുന്നതിനായി പണം ആവശ്യപ്പെടുകയും ചെയ്തു. അവരിൽനിന്ന് പല ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അടപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. ജോലി കിട്ടാതായതിനെത്തുടർന്ന് യുവതി പൊലീസിൽ പരാതിനൽകി.

കൊല്ലം ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് എൻ.രാജന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പ്രതി മുംബൈയിൽ ഉണ്ടെന്നറിഞ്ഞ് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ സനൂജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ അൽത്താഫ്, സി.എസ്.ബിനു, സിവിൽ പൊലീസ് ഓഫീസർ ഷൈജു എന്നിവർ അവിടെയെത്തി. മുംബൈയിലെ വിരാർവസായി പെൽഹാർ എന്ന സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച രമേശിനെ സാഹസികമായി പിടികൂടി വസായി കോടതിയിൽ ഹാജരാക്കി. പിന്നീട് കേരളത്തിലേക്ക് കൊണ്ടുവന്നു. പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ പ്രതി ഇപ്പോൾ കൊട്ടാരക്കര സബ്ജയിലിൽ റിമാൻഡിലാണ്.

തട്ടിപ്പുസംഘത്തിൽ ഉൾപ്പെട്ട കൂടുതൽപ്പേരെ കണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചതായി ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് അറിയിച്ചു.