ഉദിനൂർ : സംസ്ഥാനത്തെ അദ്ധ്യാപകർക്കുള്ള ഉപജില്ല-ജില്ലാതല അവധിക്കാല പരിശീലനത്തിന് ഇന്ന് തുടക്കമാകും. 14 മുതൽ 18 വരെയും 20 മുതൽ 24 വരെയും രണ്ടുഘട്ടമായാണ് പരിശീലനം. എൽ.പി., യു.പി. വിഭാഗം അദ്ധ്യാപകർക്ക് ഉപജില്ലാതലത്തിലും ഹൈസ്‌കൂൾ അദ്ധ്യാപകർക്ക് വിദ്യാഭ്യാസജില്ലാതലത്തിലുമാണ് പരിശീലനം. ഈ വർഷം ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിലെ പാഠപുസ്തകങ്ങൾ മാറുന്ന സാഹചര്യത്തിൽ ഏറെ പ്രാധാന്യത്തോടെയാണ് അദ്ധ്യാപകർ പരിശീലനത്തെ കാണുന്നത്.

എന്നാൽ നിയമനാംഗീകാരം ലഭിക്കാത്ത എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകരെ പരിശീലനത്തിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഇത് അദ്ധ്യാപകർക്കിടയിൽ പ്രതിഷേധം ഉയർത്തി. പുതിയ പാഠപുസ്തകവും സമീപനരീതിയും നടപ്പാകുന്ന വർഷംതന്നെ പരിശീലനത്തിൽനിന്ന് അകറ്റിനിർത്തുന്നത് പഠനപ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്നാണ് ആക്ഷേപം.

എയ്ഡഡ് വിദ്യാലയങ്ങളിൽ ആധാർനമ്പർ അധിഷ്ഠിത കണക്കെടുപ്പിലൂടെ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് നിശ്ചയിച്ച ഒഴിവുകളിൽ നിയമനം ലഭിച്ചവർക്ക് സർക്കാരിന്റെ വിവിധ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നിയമനാംഗീകാരം വൈകുന്നത്. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ടും നിരവധി ഉദ്യോഗാർഥികൾ നിയമനാംഗീകാരം കാത്തിരിക്കുന്നുണ്ട്. ആറും ഏഴും വർഷത്തിലധികം ഇത്തരത്തിൽ ജോലിചെയ്യുന്നവരുണ്ട്.

ഇത്തരം അദ്ധ്യാപകർ ഓരോ വിദ്യാലയത്തിലും ശരാശരി രണ്ടുപേരെങ്കിലുമുണ്ട്. പാഠപുസ്തകങ്ങൾ മാറുന്ന ക്ലാസുകളിലെ അദ്ധ്യാപകരെയാണ് ഇത് സാരമായി ബാധിക്കുക. ഇത് വിദ്യാലയങ്ങളുടെ പഠനനിലവാരത്തെയും ബാധിക്കും.