തിരുവനന്തപുരം: കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘർഷം. ഉത്സവത്തിന്റെ അവസാന ദിനമായ ഇന്നലെ സംഘംചേർന്നു നടത്തിയ ആക്രമണത്തിൽ കമ്പികൊണ്ട് തലയ്ക്കടിയേറ്റ പൊലീസുകാരനു ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിൽ തന്നെ ഉണ്ടായ മറ്റൊരു സംഭവത്തിൽ മദ്യലഹരിയിൽ കാറോടിച്ചവർ വഴിയാത്രക്കാരെ ഇടിച്ചിടുകയും ഇതേ കാർ അജ്ഞാതർ കത്തിക്കുകയും ചെയ്തു.

ഇന്നലെ രാത്രി ഉ്തസവാഘോഷം നടക്കുന്നതിനിടെ സമയം അവസാനിച്ചപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ ഉച്ചഭാഷിണി നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് അവിടെയുണ്ടായിരുന്നവർ എതിർക്കുകയും പൊലീസിനു നേരേ തട്ടിക്കയറുകയുമായിരുന്നു. തുടർന്ന് പത്തോളംപേർ ചേർന്ന് പൊലീസിനെ ആക്രമിച്ചു. അതിനിടെയാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എ.ആർ. ക്യാമ്പിൽനിന്നുള്ള പൊലീസുകാരൻ കൊല്ലം ചിതറ സ്വദേശി റിയാസിന് കമ്പികൊണ്ട് തലയ്ക്കടിയേറ്റത്. ഇദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. കഴക്കൂട്ടം ഇലിപ്പക്കുഴി പുതുവൽ പുത്തൻവീട്ടിൽ സജിത്ത് (39), വിദ്യാധരൻ(57), അജിത്ത്(39), വാറുവിളാകത്ത് വീട്ടിൽ വിവേക്(26), പുല്ലാട്ടുകരി ലക്ഷംവീട്ടിൽ സനിൽ(28), ദീപു (27) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

മറ്റൊരു സംഭവത്തിൽ പുലർച്ചെ ഒന്നരയോടെ ക്ഷേത്രത്തിന്റെ വശത്തെ റോഡിൽക്കൂടി കാറിൽ മദ്യലഹരിയിൽ വന്ന നാലംഗസംഘം നടന്നുവരുകയായിരുന്ന നിരവധിപേരെ ഇടിച്ചിടുകയും ഇത് നാട്ടുകാർ ചോദ്യം ചെയ്യുകയും കാർ തടഞ്ഞിടുകയും ചെയ്തു. ക്ഷേത്രത്തിന്റെ ഭാഗത്ത് കാർ നിർത്തിയിട്ടശേഷം ഇവരെ പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്തു. തുടർന്ന് പുലർച്ചെ 4 മണിയോടെ ഈ കാർ അജ്ഞാതർ കത്തിക്കുകയായിരുന്നു. കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.