മലപ്പുറം: കനത്ത മഴയിൽ കുന്നിടിച്ച മണ്ണ് കുത്തിയൊലിച്ചെത്തിയതോടെ റോഡ് മൂടിപ്പോയതിനാൽ ആശുപത്രിയിലേക്ക് പോകാനാകാതെ രോഗി മരിച്ചു. എടയൂർ വടക്കുംപുറം തിണ്ടലത്താണു സംഭവം. വടക്കുംപുറം പഴയ ജുമാമസ്ജിദ് മഹല്ലിൽ താമസിക്കുന്ന വലാർത്തപ്പടി കരിമ്പനത്തൊടുവിൽ പരേതനായ വടക്കേപീടിയേക്കൽ മൊയ്തീൻകുട്ടിയുടെ മകൻ സെയ്താലി (ലാലി-50) ആണ് തക്ക സമയത്ത് ചികിത്സ കിട്ടാതിരുന്നതിനെ തുടർന്ന് മരിച്ചത്.

തിണ്ടലത്തുള്ള കുന്നിലെ മണ്ണ് ദേശീയപാത 66-ന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചുവരുകയാണ്. കുന്നിലെ മണ്ണ് ഇടിച്ചെടുത്ത് ദിവസങ്ങളായി പണി നടക്കുന്ന വിവിധസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഇങ്ങനെ ഇടിച്ചിട്ട മണ്ണ് ഞായറാഴ്ച രാത്രി പെയ്ത ശക്തമായ മഴയിൽ പൂർണമായും വളാഞ്ചേരി- കരേക്കാട് റോഡിലേക്ക് ഒഴുകിയെത്തി. ഇതോടെ സഞ്ചാര യോഗ്യമല്ലാത്ത വിധം റോഡ് മൂടിപ്പോയി. റോഡിൽ ചെളിമണ്ണ് പൂർണമായും നിറഞ്ഞു.

ഇതിനിടെയാണ് തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ സെയ്താലിയെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തിക്കുന്നതിനായി നമ്പൂതിരിപ്പടിയിൽനിന്ന് കാറിൽ ഇതുവഴി കൊണ്ടുവന്നത്. റോഡിന്റെ അവസ്ഥയറിയാതെ മുന്നോട്ടുപോയ കാർ കെട്ടിനിന്ന ചെളിയിൽ താഴ്ന്നു. അർധരാത്രിയായതിനാൽ സഹായത്തിനായി ആളെ കിട്ടാത്തതും പ്രയാസമായി.

ഒടുവിൽ പ്രദേശത്തെ ഒരു ഓട്ടോ വിളിച്ചുവരുത്തി കാറിൽനിന്ന് രോഗിയെ മാറ്റി മറ്റൊരു വഴിയിലൂടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. അരമണിക്കൂറോളമാണ് പാഴായത്. വഴിയിൽവെച്ചുതന്നെ രോഗി മരിച്ചതായി ഡോക്ടർ പറഞ്ഞു.

മക്കൾ: റിയാസ്, റസൽ, ഡോ. രസ്മില. സഹോദരങ്ങൾ: പരേതനായ ബഷീർ, ബാപ്പുട്ടി, ലത്തീഫ്, ഷെരീഫ്, മുജീബ്, ഷാഹിദ്.