തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവിൽ നവവധുവിന് ക്രൂര മർദനമേറ്റ സംഭവത്തിൽ യുവതിക്ക് വനിത ശിശുവികസന വകുപ്പ് നിയമ സഹായമുൾപ്പെടെ നൽകി പിന്തുണയ്ക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷണം നടത്താൻ വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ജില്ലാ വനിത പ്രൊട്ടക്ഷൻ ഓഫീസർ യുവതിയുടെ ബന്ധുക്കളുമായി ആശയ വിനിമയം നടത്തി.

മാനസിക പിന്തുണ ഉറപ്പാക്കാൻ ആവശ്യമെങ്കിൽ കൗൺസിലിങ് നൽകും. ഈ സംഭവം അത്യന്തം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നിയമ നടപടിയുണ്ടാകും. ഈ സാമൂഹിക വിപത്തിനെതിരെ സമൂഹം ഒന്നിക്കണമെന്നും മന്ത്രി പറഞ്ഞു.