തൃശ്ശൂർ: ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും കടുത്തമാനസികസമ്മർദം അനുഭവിക്കുന്നെന്ന കണ്ടെത്തലിനെത്തുടർന്ന് നടത്തിയ സർവേയിൽ പരാതികളുടെ ഒഴുക്ക്. ദേശീയ മെഡിക്കൽ കമ്മിഷൻ നടത്തിയ കണക്കെടുപ്പിൽ 37,000-ത്തിലധികം പേരാണ് സമ്മർദം അനുഭവിക്കുന്നതായി വെളിപ്പെടുത്തിയത്. ഇതിനെത്തുടർന്ന് ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർത്ഥികളുടെയും ജോലിയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താനുള്ള ശുപാർശകൾ കമ്മിഷൻ തയ്യാറാക്കിവരുകയാണ്.

മെഡിക്കൽ വിദ്യാർത്ഥികൾ ആത്മഹത്യചെയ്യുന്ന സംഭവങ്ങൾ പതിവായതോടെയാണ് വിഷയത്തിൽ ദേശീയ മെഡിക്കൽ കമ്മിഷൻ ഇടപെട്ടത്. അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്താകമാനം 150-ലധികം ആത്മഹത്യകൾ നടന്നിരുന്നു. മെഡിക്കൽ വിദ്യാഭ്യാസം വഴിയിൽ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നതും ചർച്ചയായി. ഈ സാഹചര്യത്തിലാണ് സർവേ നടത്താൻ തീരുമാനിച്ചത്.

ഓൺലൈനായാണ് സർവേ നടത്തിയത്. മെഡിക്കൽ ബിരുദവിദ്യാർത്ഥികളിൽ മിക്കവരും ഹോസ്റ്റലിലെ ബുദ്ധിമുട്ടുകളും റാഗിങ് പ്രശ്‌നങ്ങളുമാണ് മാനസികവൈഷമ്യത്തിന് കാരണമായി പറഞ്ഞിരിക്കുന്നത്. പി.ജി. വിദ്യാർത്ഥികളിലാകട്ടെ സേവനക്കരാർ സംബന്ധിച്ച ആശങ്കയും വിശ്രമമില്ലാത്ത സേവനവുമാണ് വില്ലൻ. ഡോക്ടർമാരുടെ ഇടയിൽ ആശുപത്രി ഭരണം ഉൾപ്പെടെയുള്ള വിവിധ പ്രശ്‌നങ്ങളാണ് മാനസികസമ്മർദമേറ്റുന്നത്.

സർവേ വിശദമായി പഠിച്ച് ശുപാർശകൾ സമർപ്പിക്കാൻ ഒരു ഉപസമിതിയെ കമ്മിഷൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ട് മെഡിക്കൽ കമ്മിഷൻ കേന്ദ്ര ആരോഗ്യവകുപ്പിന് കൈമാറി.