- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെറുവണ്ടികൾ പമ്പയിൽ പാർക്കിങ് തുടങ്ങി; തീർത്ഥാടകർക്ക് ആശ്വാസം
പമ്പ: ആറു വർഷത്തിനു ശേഷം പമ്പയിൽ വീണ്ടും പാർക്കിങ് തുടങ്ങി. ചെറു വാഹനങ്ങൾക്ക് പാർക്കിങഅ അനുവദിച്ചു. പമ്പയിലെ പാർക്കിങ് നിരോധനം പിൻവലിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവാണ് നടപ്പിലായത്. ഹിൽടോപ്പ്, വനം വകുപ്പ് ഐ.ബി.ക്കടുത്ത് ചക്കുപാലം-2 എന്നിവിടങ്ങളിലാണ് ചെറുവണ്ടികൾക്ക് പാർക്കിങ് തുടങ്ങിയത്. ഫാസ്ടാഗിലൂടെ ടോൾ നൽകി പമ്പയിലെ ഹിൽടോപ്, ചക്കുപാലം 2 എന്നിവിടങ്ങളിൽ പാർക്കിങ് അനുവദിക്കാനാണ് കോടതി നിർദ്ദേശം. ഫാസ്ടാഗ് ഏർപ്പെടുത്താൻ കാലതാമസം വരും. ഇതിനുള്ള ഷെഡിന്റെ നിർമ്മാണം തുടങ്ങി.
ലൈറ്റ് മോട്ടോർ വെഹിക്കിൾ ഇനത്തിൽപ്പെട്ട വാഹനങ്ങളാണ് അനുവദിക്കുക. 24 മണിക്കൂർ സമയത്തേക്ക് ഏഴുസീറ്റ് വണ്ടിക്ക് 50 രൂപയും അഞ്ച് സീറ്റുള്ളതിന് 30 രൂപയുമാണ് ഫീസ്. ദേവസ്വം നിയമിക്കുന്ന ജീവനക്കാർ നൽകുന്ന കൂപ്പൺ ഉപയോഗിച്ചാണ് പാർക്കുചെയ്യേണ്ടത്. കൂപ്പണുകളുടെ വിതരണം ഗ്രൗണ്ടുകളുടെ കവാടത്തിലായിരിക്കും
ഉത്തരവുപകർപ്പ് കിട്ടിയശേഷം ജൂണിൽ തുടങ്ങാനുള്ള നീക്കത്തിലായിരുന്നു ദേവസ്വംബോർഡ്. എന്നാൽ, ഈ മാസപൂജയ്ക്കുതന്നെ തുടങ്ങാമെന്ന് സ്റ്റാൻഡിങ് കൗൺസൽ അറിയിച്ചതിനെത്തുടർന്നാണ് ചൊവ്വാഴ്ചതന്നെ പാർക്കിങ് തുടങ്ങിയത്. രണ്ടിടങ്ങളിലുംകൂടി 1500 കാറുകൾക്കാണ് പാർക്കുചെയ്യാൻ കഴിയുന്നത്. ഇതുകഴിഞ്ഞാൽ ബാക്കി നിലയ്ക്കലിലേക്ക് വിടും. ഏഴിനുമുകളിൽ സീറ്റ് കപ്പാസിറ്റിയുള്ള വാഹനങ്ങൾ നിലയ്ക്കലിൽ തന്നെ പാർക്കുചെയ്യണം. പമ്പ-ചാലക്കയം റോഡരികിൽ പാർക്കിങ് അനുവദിക്കില്ല.
ആറുവർഷത്തിന് ശേഷമാണ് പമ്പയിലെ പാർക്കിങ് തിരിച്ചുവരുന്നത്. ഇപ്പോൾ മണ്ണുമൂടികിടക്കുന്ന ചക്കുപാലം-1 ലെ മണ്ണ് നീക്കിയശേഷം ഇവിടെയും പാർക്കിങ് അനുവദിക്കണമെന്നഭ്യർഥിച്ച് ദേവസ്വംബോർഡ് കോടതിയെ സമീപിക്കുന്നുണ്ട്.